ചെന്നൈയില്‍ നടന്ന ഇടപാടിൽ ഇടനിലക്കാരായി നിന്നത് മലയാളികള്‍ തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഗോവയിലേക്ക് കടന്നിരിക്കുകയാണ്.

കൊച്ചി: കാക്കനാട്ട് 11 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ച കേസില്‍ ഏജന്‍റുമാരിലേക്കും വിതരണക്കാരിലേക്കും അന്വേഷണം നീളുന്നു. ചെന്നൈയില്‍ നടന്ന ഇടപാടിൽ ഇടനിലക്കാരായി നിന്നത് മലയാളികള്‍ തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഗോവയിലേക്ക് കടന്നിരിക്കുകയാണ്.

കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്ന് ഒരു കിലോ 86 ഗ്രാം എം ഡി എം എ പിടികൂടിയ കേസ് കടക്കുന്നത് പുതിയ തലത്തിലേക്ക്. കഴിഞ്ഞ രണ്ടു ദിവസം പ്രതികളുമായി ചെന്നൈയിലും പോണ്ടിച്ചേരിയിലും നടത്തിയ തെളിവെടുപ്പില്‍ മയക്കുമരുന്ന് ഇടപാടുകളെകുറിച്ച് നിര്‍ണായക വിവരങ്ങള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ട്. മലയാളികൾ ഇടനിലാക്കാരായി നിന്നാണ് പ്രതികള്‍ക്ക് മയക്കുമരുന്ന കൈമാറിയെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ ഇവര്‍ ഗോവയിലേക്ക് കടന്നതായി തെളിഞ്ഞു. ഇവരെയും മയക്കുമരുന്ന് വില്‍പ്നക്കാരെയും താമസിയാതെ പിടികൂടാനാണ് ശ്രമം. 

കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍റ് ചെയ്തിരിക്കുകയാണ്. ഒന്നാം പ്രതി ഫവാസിന് കൊവിഡ് ബാധിച്ചതിനാല്‍ ഓണ്‍ലൈന്‍ മുഖേനയാണ് ഹാജാരാക്കിയത്. അസി. കമീഷണർ ഉള്‍പ്പെടെ 5 ഉദ്യോഗസ്ഥര്‍ ക്വാറന്‍റീനില്‍ പോയി. പ്രതികളില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണുകല്‍ ,ലാപ് ടോപ് , ഫ്ലാറ്റിലെ സിസി ടി വിദൃശ്യങ്ങല്‍ എന്നിവ കാക്കനാട്ടെ ഫോറന്‍സിക് ലാബിൽ പരിശോധനക്ക് അയക്കും. മയക്കുമരുന്ന് ഇടപാടിലെ സംസ്ഥാനാന്തര ശൃംഖലകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight