കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ കോൺക്രീറ്റ് പാളി ഇളകി വീണ് കാര്‍ തകര്‍ന്നതായി ആരോപണം. നടി അര്‍ച്ചന കവിയുടെ പിതാവ് ജോസ് കവിയാണ് ഫെയ്സ്ബുക്കിലൂടെ താൻ യാത്ര ചെയ്ത കാറിന് മുകളിൽ കൊച്ചി മെട്രോയുടെ കോൺക്രീറ്റ് സ്ലാബ് വീണുവെന്ന് പറഞ്ഞ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്.
കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ കോൺക്രീറ്റ് പാളി ഇളകി വീണ് കാര്‍ തകര്‍ന്നതായി ആരോപണം. നടി അര്‍ച്ചന കവിയുടെ പിതാവ് ജോസ് കവിയാണ് ഫെയ്സ്ബുക്കിലൂടെ താൻ യാത്ര ചെയ്ത കാറിന് മുകളിൽ കൊച്ചി മെട്രോയുടെ കോൺക്രീറ്റ് സ്ലാബ് വീണുവെന്ന് പറഞ്ഞ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്.
ഇന്ന് ഉച്ചയ്ക്ക് കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവമെന്ന് ഇദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കാറിനകത്ത് ഈ സമയം മൂന്ന് പേരുണ്ടായിരുന്നു. എന്നാൽ മുൻവശത്തെ പാസഞ്ചര്‍ സീറ്റിൽ ഭാഗ്യവശാൽ ആരുമുണ്ടായിരുന്നില്ലെന്നും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ജോസിനൊപ്പം അര്‍ച്ചനയും ടാക്സി ഡ്രൈവര്‍ അനുരാജുമാണ് കാറിലുണ്ടായിരുന്നത്. കൊച്ചി മെട്രോ അധികൃതര്‍ ഈ വിഷയം ഗൗരവത്തോടെ കാണുമെന്നും ടാക്സി ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം നൽകുമെന്നുമാണ് താൻ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുറിപ്പിനൊപ്പം ഫെയ്സ്ബുക്കിൽ ഇദ്ദേഹം പങ്കുവച്ച ചിത്രത്തിൽ കാറിന്റെ ചില്ല് തകര്‍ന്നതായി കാണാം. കോൺക്രീറ്റ് സ്ലാബ് കാറിനകത്ത് പാസഞ്ചര്‍ സീറ്റിൽ കിടക്കുന്നതിന്റെ ചിത്രവും ഇതോടൊപ്പമുണ്ട്. എന്നാൽ കാറിന്റെ നമ്പറോ മറ്റ് വിവരങ്ങളോ ഇദ്ദേഹം പോസ്റ്റിൽ കുറിച്ചിട്ടില്ല.
എന്നാൽ സ്ലാബ് പൊട്ടി വീണത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. "ഇതുവരെ ഇങ്ങിനെയൊരു കാര്യത്തെ കുറിച്ച് പരാതി ലഭിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കാം," എന്ന് കെഎംആര്‍എൽ വക്താവ് രോഹിത് പിവി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
