കൊച്ചി: വളരുന്ന കൊച്ചിക്ക് എന്നും അപവാദമാണ് നഗരത്തിലെ ഗതാഗത കുരുക്ക്. നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു. അവയെ ഉൾകൊള്ളാൻ റോഡുകൾ സജ്ജവുമല്ല. കൊച്ചി മെട്രോയുടെ പുതിയ പാത ഉദ്ഘാടനത്തിനൊരുങ്ങുമ്പോൾ ഗതാഗതകുരുക്കിന് പരിഹാരമെന്ന പ്രതീക്ഷകളാണ് ഉയരുന്നത്. മെട്രോ തൈക്കൂടത്തേക്ക് നീളുന്നതോടെ നഗരത്തിന്‍റെ ഗതാഗതക്കുരുക്കിന് വലിയ മാറ്റം സൃഷ്ടിക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

കൊച്ചിയിലെ പല ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന വൈറ്റിലയിലേക്ക്‌ മെട്രോ എത്തുന്നതോടെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയുമെന്നാണ് കരുതുന്നത്. വൈറ്റിലയോട് ഒപ്പം തന്നെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് മെട്രോ എത്തുമ്പോൾ ട്രെയിൻ ബസ് യാത്രക്കാർക്ക് ഒരുപോലെ സ്വീകാര്യം ആകുകയാണ് മെട്രോ.

പുതിയ പാതയിൽ മെട്രോ ഓടി തുടങ്ങുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് കെ എം ആർ എൽ പ്രതീക്ഷിക്കുന്നത്. നിലവിൽ ശരാശരി നാൽപതിനായിരം പേരാണ് ദിവസേന മെട്രോയിൽ യാത്ര ചെയ്യുന്നത്. ഇത് എഴുപത്തി അയ്യായിരം വരെ ആകുമെന്നാണ് കണക്ക് കൂട്ടൽ. മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് സൗകര്യം വിപുലപ്പെടത്തുകയും ഇടറോടുകളിൽ ഉൾപ്പടെ ഫീഡർ സർവീസുകൾ ആരംഭിക്കുകയും ചെയ്താൽ യാത്രക്കാർ കൂടുതൽ ആയി മെട്രോയിലേക്ക്‌ ഒഴുകുമെന്ന് നഗരവാസികളും പറയുന്നു.