മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണർ അഭയ് റായിയുടെ നേതൃത്വത്തില്‍ സിഗ്നലിംഗ്, ടെലി കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ സംഘമാണ് സുരക്ഷാ പരിശോധന നടത്തുന്നത്.

കൊച്ചി: കൊച്ചി മെട്രോ (Kochi metro rail) റെയില്‍ രണ്ട് സ്റ്റേഷനുകളിലേക്ക് കൂടി നീട്ടുന്നതിന്‍റെ ഭാഗമായി അവസാന ഘട്ട സുരക്ഷാ പരിശോധന തുടങ്ങി. പേട്ടയിൽ നിന്ന് എസ് എൻ ജംഗ്ഷൻ വരെയുള്ള പുതിയ പാതയിൽ മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ പരിശോധന തുടങ്ങിയത്. മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണർ അഭയ് റായിയുടെ നേതൃത്വത്തില്‍ സിഗ്നലിംഗ്, ടെലി കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ സംഘമാണ് സുരക്ഷാ പരിശോധന നടത്തുന്നത്. പരിശോധന ശനിയാഴ്ച്ച വരെ തുടരും. സിഗ്നലിംഗ് സംവിധാനങ്ങൾ, സ്റ്റേഷൻ കൺട്രോൾ റൂം,എസ്കലേറ്റർ അടക്കം യാത്രക്കാർക്കായി ഒരുക്കിയ സൗകര്യങ്ങൾ തുടങ്ങിയവയാണ് സംഘം ആദ്യം പരിശോധിച്ചത്. 

സിസിടിവിയിൽ കുരുങ്ങി, പക്ഷേ ആ 'അ‍ജ്ഞാതനെ' തിരിച്ചറിയാനായില്ല, കൊച്ചി മെട്രോയിലെ സുരക്ഷ വീഴ്ചയിൽ അന്വേഷണം

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന്‍വരെയുള്ളത്. 453 കോടി രൂപ നിര്‍മാണ ചിലവ് വന്ന പദ്ധതി 2019 ഒക്ടോബറിലാണ് ആരംഭിച്ചത്. ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍, കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസ് തുടങ്ങിയവയില്‍ നിന്നുള്‍പ്പെടെയുള്ള എല്ലാ തരത്തിലുള്ള ക്ലിയറന്‍സും നേടിയശേഷമാണ് പാതയുടെ അവസാന പരിശോധന മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ നടത്തുന്നത്. ഈ പാതയിലൂടെ യാത്രാ സര്‍വീസ് നടത്താന്‍ സുരക്ഷ കമ്മീഷണറുടെ അനുമതി ആവശ്യമാണ്. വടക്കേക്കോട്ട, എസ്.എൻ ജംഗ്ഷൻ എന്നിങ്ങനെ രണ്ട് സ്റ്റേഷനുകളാണ് പുതിയതായി തുറക്കുന്നത്. നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്റ്റേഷനായി 4.3 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തോടെയാണ് വടക്കേകോട്ടയില്‍ മെട്രോ സ്റ്റേഷൻ സജ്ജമാകുന്നത്.