കൊച്ചി: കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന് മുന്നോടിയായുള്ള സ്ഥലമേറ്റെടുക്കാൻ 4 കോടി, എൺപത്തിയാറു ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. കലൂർ മുതൽ ഇൻഫോപാർക്ക് വരെ മൂന്നേക്കറോളം സ്ഥലമാണ് റോഡ് വീതി കൂട്ടുന്നതിനു മാത്രമായി ഏറ്റെടുക്കേണ്ടത്.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിൻറെ ഭാഗമായി കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്കു വരെ 11 കിലോമീറ്റർ ദൈർഘ്യത്തിലാണ് മെട്രോ റെയിൽ പാത നിർമ്മിക്കുന്നത്. ഇതിനു മുന്നോടിയായി റോഡ് വീതി കൂട്ടുന്നതിന് മൂന്നു വില്ലേജുകളിലെ 84 പേരിൽ നിന്നാണ് ഭൂമി ഏറ്റെടുക്കേണ്ടത്. അഞ്ചര ലക്ഷം മുതൽ പതിനൊന്നു ലക്ഷം വരെയാണ് കെട്ടിട ഉടമകൾക്കും വാടകക്കാർക്കുമുള്ള നഷ്ട പരിഹാരം. കെട്ടിടങ്ങൾക്കും സ്ഥലത്തിനും ലാൻഡ് അക്വിസിഷൻ പ്രകാരമുള്ള വില വേറെ ലഭിക്കും. ഇതിനു പുറമെയാണ് പുനരധിവാസ പാക്കേജ്.

ഉടമകൾ തന്നെ കച്ചവടം ചെയ്യുന്ന കെട്ടിടം പൊളിക്കുന്പോൾ ആറു ലക്ഷത്തി അറുപതിനായരം രൂപ വരെ ലഭിക്കും. വാടകക്ക് നൽകിയ കെട്ടിടത്തിന് ഉടമക്ക് അഞ്ചര ലക്ഷവും വാടകക്കാരന് ആറു ലക്ഷവും കിട്ടും. വീടും കടയും നഷ്ടപ്പെടുന്നവർക്ക് പതിനൊന്നു ലക്ഷം രൂപയാണ് നഷ്ട പരിഹാരം. പാത നിർമ്മാണത്തിനു മുന്നോടിയായി സീപോർട്ട് എയർപോർട്ട് റോഡ് വീതി കൂട്ടുന്ന പണികൾ പുരോഗമിക്കുകയാണ്. നിലവിലുളള റോഡ് 26 മീറ്ററായാണ് വർദ്ധിപ്പിക്കുന്നത്. റോഡ് നിർമ്മാണം പൂർത്തിയായാൽ മെട്രോ പാതക്കും സ്റ്റേഷനുകൾക്കമുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങും.