കൊച്ചി: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിശ്ചലമായ കൊച്ചി മെട്രോ സര്‍വീസ് സെപ്റ്റംബര്‍ ഏഴിന് പുനരാരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി. സർവീസുകളുടെ എണ്ണത്തിലും സമയ ക്രമത്തിലും മാറ്റമുണ്ട്. രാവിലെ 7 മുതൽ രാത്രി 8 വരെയാണ് സര്‍വീസ് നടത്തുക. തിരക്കുകൾ കൂടിയാൽ ഉപയോഗിക്കുന്നതിന് മാത്രമായി രണ്ട് ട്രെയിനുകൾ ആലുവയിലും മുട്ടത്തും സജ്ജമാക്കും. ശീതീകരണ സംവിധാനം ഒഴിവാക്കി ആയിരിക്കും മെട്രോ സർവീസ് പുനരാരംഭിക്കുക..  

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ അവസാനിപ്പിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമായി പ്രഖ്യാപിച്ച അൺലോക്ക് പദ്ധതിയുടെ നാലാം ഘട്ടത്തിലാണ് മെട്രോ റെയിൽ സ‍ർവീസിന് അനുമതി നല്‍കിയത്. സംസ്ഥാനങ്ങളും വിവിധ മന്ത്രാലയങ്ങളുമായി നടത്തിയ വിപുലമായ ച‍ർച്ചകൾക്ക് ഒടുവിലാണ് അൺലോക്ക് നാലാം ഘട്ടം പ്രഖ്യാപിക്കുന്നത്.

സെപ്റ്റംബര്‍ ഒന്ന് മുതൽ പല ദിവസങ്ങളിലായി പുതിയ നി‍‍ർദേശങ്ങൾ ​നടപ്പാക്കി തുടങ്ങും. സാംസ്കാരിക-കായിക-വിനോദ-സാമൂഹിക- ആത്മീയ-രാഷ്ട്രീയ യോ​ഗങ്ങൾക്കും കൂട്ടായ്മകൾക്കും അനുമതി. പരമാവധി നൂറ് പേർക്ക് വരെ ഇത്തരം പരിപാടികളിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരിപാടിക്ക് പങ്കെടുക്കുന്നവ‍ർക്ക് തെ‍ർമൽ പരിശോധന നി‍ർബന്ധം. ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോ​ഗിക്കണം. 

സെപ്റ്റംബര്‍ 21 മുതൽ ഓപ്പൺ തിയേറ്ററുകൾക്ക് അനുമതി. സിനിമാ തീയേറ്ററുകളും സ്വിമ്മിം​ഗ് പൂളുകളും അടഞ്ഞു കിടക്കും. സ്കൂളുകളും കോളേജുകളും അടച്ചിട്ട നടപടി സെപ്റ്റംബര്‍ മുപ്പത് വരെ നീട്ടി.  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ളാസ് നടത്താൻ 50 ശതമാനം അധ്യാപകരെ വരാൻ അനുവദിക്കും. 9 മുതൽ 12 വരെ ക്ളാസിലുള്ളവർക്ക് അദ്ധ്യാപകരുടെ സഹായം തേടാൻ പുറത്തു പോകാം.