കൊച്ചി: തൈക്കൂടംവരെയുള്ള രണ്ടാം ഘട്ട സർവ്വീസ് ആരംഭിച്ചതിന് പുറകെ കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോ‍ർഡ് വർദ്ധന. മെട്രോ കമ്മീഷൻ ചെയ്തതിന് ശേഷം ഇതാദ്യമായി ഇന്നലെ ഒരുലക്ഷത്തലധികം പേരാണ് യാത്ര ചെയ്തത്. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതിന് പിന്നാലെ പ്രവർത്തന ലാഭം കൈവരിക്കാനും മെട്രോയ്ക്ക് കഴിഞ്ഞു.

മഹാരാജാസ് കോളേജിൽ നിന്ന് തൈക്കൂടത്തേക്ക് സർവ്വീസ് നീട്ടുന്നതിന് മുൻപ് ശരാശരി 39,000 പേരായിരുന്നു പ്രതിദിനയാത്രക്കാർ. ഇപ്പോൾ അത് 75,000 ആയി ഉയര്‍ന്നിട്ടുണ്ട്. ഉടന്‍ തന്നെ അത് ഒരു ലക്ഷത്തിലേക്ക് കടക്കുമെന്നാണ് കണക്കുകൂട്ടല്‍. രണ്ടാംഘട്ട ഉദ്ഘാടനത്തോടനുബന്ധിച്ച് ഈമാസം 18 വരെ ടിക്കറ്റിൽ അമ്പത് ശതമാനത്തിന്‍റെ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതും യാത്രക്കാരുടെ എണ്ണംകൂടാൽ കാരണമായിട്ടുണ്ട്. 

കൂടാതെ, പൊട്ടിപ്പൊളിഞ്ഞ കൊച്ചിയിലെ റോഡുകളും മണിക്കൂറുകൾ നീളുന്ന ഗതാഗതകുരുക്കും മെട്രോയിൽ യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി. നിരക്കിലെ ഇളവ് പിൻവലിച്ചാലും ശരാശരി അറുപതിനായിരം യാത്രക്കാരുണ്ടാകുമെന്നാണ് കണക്ക്. അങ്ങനെവന്നാൽ പ്രതിദിന ലാഭത്തിൽ മെട്രോയ്ക്ക് പ്രവർത്തിക്കാനാകുമെന്നാണ് കെഎംആർഎൽ അധികൃതർ വ്യക്തമാക്കുന്നത്. 

നിലവിൽ ഒരു ലക്ഷം രൂപമുതൽ രണ്ട് ലക്ഷം രൂപവരെ പ്രതിദിന ലാഭം മെട്രോയ്ക്കുണ്ട്. ടിക്കറ്റിന് പുറമെ ടിക്കറ്റ് ഇതരവരുമാനവും കൂടി ചേർത്താണ് ഈ കണക്കുകൾ.