രാജ്യവ്യാപകമായി 'ഡിജിറ്റൽ അറസ്റ്റ്', സൈബർ ട്രേഡിംഗ് തട്ടിപ്പുകൾ നടത്തിയ സംഘത്തിലെ പ്രധാനികളെ കൊച്ചി സിറ്റി പോലീസ് ഹൈദരാബാദിൽ നിന്നും പിടികൂടി. എറണാകുളത്തെ വയോധികയിൽ നിന്ന് 6 കോടി തട്ടിയെടുത്ത കേസിലെ പ്രതികളാണ് രഹസ്യ ഓപ്പറേഷനിലൂടെ വലയിലായത്. പ്രതികൾക്ക് കംബോഡിയ, ദുബായ് കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് ശൃംഖലകളുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.
കൊച്ചി: രാജ്യവ്യാപകമായി ആളുകളെ കെണിയിലാക്കിയ 'ഡിജിറ്റൽ അറസ്റ്റ്', സൈബർ ട്രേഡിംഗ് തട്ടിപ്പ് സംഘങ്ങളിലെ പ്രധാനികളെ ഹൈദരാബാദിൽ നിന്ന് കൊച്ചി സിറ്റി പോലീസ് പിടികൂടി. പത്ത് ദിവസം നീണ്ടുനിന്ന അതീവ രഹസ്യമായ സമാന്തര സൈബർ ദൗത്യത്തിനൊടുവിലാണ് തെലങ്കാനയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രതികളെ വലയിലാക്കിയത്. ഹൈദരാബാദിലെ ജീഡി മെറ്റ്‌ല സ്വദേശി ഹൈദരാബാദിലെ ജീഡി മെറ്റ്‌ല സ്വദേശി, സബ്സാ കോളനി സ്വദേശി സയ്യിദ് ഹസൻ അലി (39) എന്നിവരാണ് പിടിയിലായത്.

എറണാകുളത്തുള്ള 77 വയസ്സുള്ള വയോധികയെ ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി 6 കോടി രൂപ തട്ടിയെടുത്ത കേസിൽ, 3 കോടി രൂപ നേരിട്ട് കൈക്കലാക്കിയത് നിരഞ്ജൻ ചൗധരിയാണ്. തന്റെ ഉടമസ്ഥതയിലുള്ള 'ഷാന്തൻ ആർട്‌സ് ആൻഡ് പ്രിന്റേഴ്‌സ്' എന്ന സ്ഥാപനത്തിന്റെ മറവിൽ പണം കൈപ്പറ്റിയ ശേഷം ഇയാൾ ഇത് കംബോഡിയ ആസ്ഥാനമായുള്ള തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറുകയായിരുന്നു. എറണാകുളത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറിൽ നിന്ന് 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സയ്യിദ് ഹസൻ അലിക്ക് പങ്കുണ്ടെന്ന് കണ്ടെത്തി. ബിസിനസ് ആവശ്യങ്ങൾക്കെന്ന വ്യാജേന സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇയാൾ കോടികളുടെ ഇടപാട് നടത്തിയത്.
സയ്യിദ് ഹസ്സൻ അലിക്കെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 31 സൈബർ പരാതികൾ നിലവിലുണ്ട്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളിലായി ഇതിനോടകം 2.71 കോടി രൂപ പോലീസ് ഫ്രീസ് ചെയ്തിട്ടുണ്ട്. ഇയാൾക്ക് ദുബായ് കേന്ദ്രീകരിച്ചുള്ള വലിയൊരു സൈബർ തട്ടിപ്പ് ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതീവ അപകടകരമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് കൊച്ചിയിൽ നിന്നുള്ള പോലീസ് സംഘം പ്രതികളെ പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം ഡി.സി.പി ഷാഹിൻഷായുടെ മേൽനോട്ടത്തിലായിരുന്നു ഓപ്പറേഷൻ. സൈബർ ക്രൈം എ.സി.പി അനിൽകുമാർ, ഇൻസ്പെക്ടർ ഷമീർഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഹൈദരാബാദിൽ ദിവസങ്ങളോളം തങ്ങി ഈ ദൗത്യം പൂർത്തിയാക്കിയത്.


