അമ്മയും അച്ഛനും മുത്തശ്ശിയും മരിച്ചുകിടക്കുന്ന കാഴ്ച കണ്ടാണ് 12 ഉം 8 ഉം വയസ്സുള്ള മക്കൾ രാവിലെ ഉറക്കമുണർന്നത്.

കൊച്ചി: ഒന്ന് ഉണ‍ർന്നെഴുന്നേറ്റപ്പോഴേക്കും വെണ്ണലയിലെ വെളിയിൽ വീട്ടിലെ രജിതയുടെയും പ്രശാന്തിന്റെയും മക്കൾ അനാഥരായി. അമ്മയും അച്ഛനും മുത്തശ്ശിയും മരിച്ചുകിടക്കുന്ന (Vennala Suicide) കാഴ്ച കണ്ടാണ് 12 ഉം 8 ഉം വയസ്സുള്ള മക്കൾ രാവിലെ ഉറക്കമുണർന്നത്. മൂവരുടെയും മരണ വാ‍ർത്ത (Death) മക്കളാണ് പുറത്തറിയിച്ചത്.

മക്കൾ ഫോണിൽ വിളിച്ച് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാ കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്. രണ്ട് പേ‍ർ തൂങ്ങി മരിച്ച നിലയിലും ഒരാളുടെ മൃതദേഹം മുകലിലെ നിലയിലെ മുറിയിൽ കിടക്കുന്ന നിലയിലുമായിരുന്നു. 

നാട്ടുകാരുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന കുടുംബത്തിന്റെ വിയോ​ഗത്തിന്റെ ഞെട്ടലിലാണ് അവ‍ർ. പ്രശാന്തിനും കുടുംബത്തിനും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി അയൽവാസികൾക്കൊന്നും അറിവില്ലായിരുന്നു. എന്നാൽ വീട് വച്ച വകയിലും ഫ്ലോ‍ർ മിൽ ബിസിനസിലും കട ബാധ്യതയുണ്ടെന്നും ഇത് ഒരു കോടിയോളം വരുമെന്നുമാണ് സൂചന.