Asianet News MalayalamAsianet News Malayalam

"രണ്ടാം വരവിൽ പിണറായി പ്രതികാരം തീര്‍ക്കുന്നു"; കൊടകര കേസിൽ പ്രതിഷേധം കടുപ്പിച്ച് ബിജെപി

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം കള്ളപ്പണം ഉപയോഗിച്ചത് സിപിഎം ആണെന്നാണ് ബിജെപി നേതാക്കൾ ആരോപിക്കുന്നത്. കെ സുരേന്ദ്രൻ കേന്ദ്ര മന്ത്രി വി മുരളീധരൻ എന്നിവര്‍ ഓൺലൈനായാണ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തത് 

kodakara case bjp protest k surendran
Author
Thrissur, First Published Jun 10, 2021, 1:44 PM IST

തൃശൂര്‍ :ബിജെപി നേതാക്കളെ മനപൂര്‍വ്വം കള്ളക്കേസിൽ കുടുക്കുന്നു എന്നും പാര്‍ട്ടിയെ തകര്‍ക്കാൻ ആസൂത്രിത നീക്കം നടക്കുന്നു എന്നും ആരോപിച്ച് സംസ്ഥാന വ്യാപന പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. തൃശൂർ പൊലീസ് ക്ലബ്ബിന് മുന്നിൽ നടന്ന പ്രതിഷേധ ജ്വാല സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളെ വേട്ടയാടുന്നത് സ‍ർക്കാർ താൽപര്യപ്രകാരമാണെന്ന് ആരോപിച്ചാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.

രണ്ടാം വരവിൽ പിണറായി വിജയൻ ബിജെപിക്കെതിരെ പ്രതികാരം തീര്‍ക്കുകയാണ്. കൊടകര കവർച്ച കേസുകളിലടക്കം പിണറായി സർക്കാർ രാഷ്ട്രീയ വൈരം തീർക്കാൻ പൊലീസിനെ ഉപയോഗിക്കുകയാണെന്നും തൃശുരിൽ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് കെ സുരേന്ദ്രൻ ആരോപിച്ചു

കോഴിക്കോട് നടന്ന പ്രതിഷേധ സമരം കേന്ദ്രമന്ത്രി വി മുരളീധരനാണ് ഉദ്ഘാടനം ചെയ്തത്. കൊടകര കേസിൽ സർക്കാർ ബിജെപി പ്രവർത്തകരെ മാത്രം ലക്ഷ്യം വച്ചാണ് നീങ്ങുന്നതെന്ന് കേന്ദ്ര മന്ത്രി ആരോപിച്ചു.  മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരനും  ഒ രാജഗോപാലും ആണ്  സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. 

മഞ്ചേശ്വരത്തേതും കൊടകരയിലേതും പൊലിസ് നടത്തുന്നത് തലതിരിഞ്ഞ അന്വേഷണം ആണെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ് കാസർകോട് കുറ്റപ്പെടുത്തി. കൊച്ചിയിലെ പ്രതിഷേധം ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എഎൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേസിനെ നിയമപരമായി നേരിടുമെന്ന് ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി കണ്ണൂരിൽ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ കളളപ്പണം ചെലവഴിച്ചത് എൽഡിഎഫാണെന്നാണ് ബിജെപി നേതാക്കൾ ആരോപിക്കുന്നത്.

Follow Us:
Download App:
  • android
  • ios