Asianet News MalayalamAsianet News Malayalam

കൊടകര കേസ്; പണം ബിജെപിയുടേത്, കൊണ്ടുവന്നത് കർണാടകയിൽ നിന്ന്; പൊലീസ് റിപ്പോർട്ട്

ഇത് ഹവാല പണമാണ്. പണം കൊണ്ടുവന്നത് കർണാടകത്തിൽ നിന്നാണ്. കേസിലെ പരാതിക്കാരനായ ധർമ്മരാജന് പണം വിട്ടുനൽകരുതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 

kodakara case  money belongs to the bjp brought from karnataka says police report
Author
Thrissur, First Published Jun 15, 2021, 8:37 PM IST

തൃശ്ശൂർ: കൊടകര കുഴൽപണ കേസിൽ ബിജെപിയെ കുരുക്കിലാക്കി പൊലീസ് റിപ്പോർട്ട്. കവർച്ചാ പണം  ബി.ജെ.പിയുടേതാണെന്ന് പൊലീസ് കോടതിയിൽ   റിപ്പോർട്ട് സമർപ്പിച്ചു.  ബി.ജെ.പിയുടെ നേതാക്കൾ പറഞ്ഞപ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി  എത്തിച്ച    ഹവാല പണം ആണിതെന്നും   റിപ്പോർട്ടിൽ പറയുന്നു. പണം തിരിച്ചുകിട്ടണമെന്ന ധർമരാജന്റെ ഹർജിയിൽ ഇരുപത്തിമൂന്നിന് കോടതി തീരുമാനം പറയും. റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

കൊടകരയിൽ കവർച്ചാ സംഘം തട്ടിയെടുത്ത ഹവാലപ്പണം ബിജെപി നേതാക്കൾ പറഞ്ഞപ്രകാരം ആലപ്പുഴയിലെ ജില്ലാ ട്രഷറർക്കു നൽകാനാണ് കൊണ്ടുവന്നതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.  തെരഞ്ഞെടുപ്പിന് മുമ്പ് ഒരു മാസത്തിനിടെ ധർമരാജൻ ഹവാലപ്പണം കർണാടകത്തിൽ നിന്ന് കൊണ്ടുവന്നതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. 

രണ്ടു ലക്ഷം രൂപ മാത്രം കൈവശം വയ്ക്കാനാണ് ചട്ടപ്രകാരം അനുമതി. പക്ഷേ, ധർമരാജൻറെ ഡ്രൈവർ ഷംജീറിന്റെ കൈവശം മൂന്നരക്കോടി രൂപയുണ്ടായിരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതൊന്നും ഇതുവരെ ധർമരാജൻ കാണിച്ചിട്ടില്ല. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകൾ ധർമരാജൻ സമർപ്പിച്ചാൽതന്നെ അത് പുനപരിശോധിക്കണമെന്നും പൊലീസ് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ  നൽകിയ റിപ്പോർട്ടിൽ പറയുന്നു.
 
കൊടകരയിൽ നഷ്ടപ്പെട്ട പണം ബിജെപിയുടേതല്ലെന്ന്   നേതാക്കൾ ആവർത്തിക്കുമ്പോഴാണ്  ഇതു ശരിയല്ലെന്ന് വ്യക്തമാക്കുന്ന പൊലീസ് റിപ്പോർട്ട്. ഒരു കോടി നാൽപതു ലക്ഷം രൂപ ഇതിനോടകം കണ്ടെടുത്തു. ബാക്കിയുള്ള പണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios