Asianet News MalayalamAsianet News Malayalam

കൊടകര കുഴൽപ്പണ കേസ്; കെ സുരേന്ദ്രൻ്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ നിന്നും കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. 

kodakara case Surendran secretary to be questioned today
Author
Thrissur, First Published Jun 5, 2021, 7:06 AM IST

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് തൃശ്ശൂർ പൊലീസ് ക്ലബിൽ ഹാജരാകണം എന്നാണ് നിര്‍ദ്ദേശം. സുരേന്ദ്രന്‍റെ ഡ്രൈവറെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ലബീഷിനോട് പൊലീസ് ക്ലബ്ബിൽ എത്താൻ നിർദേശം നൽകി. സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ നിന്നും കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. ഹോട്ടൽ രജിസ്റ്ററിലെ വിവരങ്ങളും എത്ര പണം നൽകി തുടങ്ങിയ വിവരങ്ങളുമാണ് ശേഖരിച്ചത്.

അതേസമയം കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസ് എഫ്ഐആർ ശേഖരിച്ച ഇഡി അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകളും പരിശോധിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് 10 ദിവസത്തിനകം നിലപാട് അറിയിക്കാൻ ഹൈക്കോടതിയും ഇഡിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബിജെപി നേതാക്കൾ സംശയ നിഴലിലുള്ള കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്‍റ്  അന്വേഷണം ഇല്ലാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. രേഖാമൂലം പരാതി കിട്ടിയിട്ടും മറ്റ് കേസുകളിൽ കാണിക്കുന്ന താൽപ്പര്യം കൊടകരയിൽ കാണിക്കുന്നില്ലെന്നായിരുന്നു പ്രധാന  ആരോപണം. 

ഇക്കാര്യം ചൂണ്ടികാട്ടി ഹൈക്കോടതിയിലും ഹർജിയെത്തി. ഇതിനിടെയാണ് കേസ് തങ്ങളുടെ പരിധിയിൽ വരുമോ എന്ന പ്രാഥമിക പരിശോധന ഇഡി തുടങ്ങിയത്. നിലവിൽ കുഴൽപ്പണ കേസിന് വിദേശ ബന്ധമുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല എഫ്ഐആറിൽ 25 ലക്ഷം രൂപ കാണാതായെന്നാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ പിഎംഎൽഎ അക്ട് അനുസരിച്ച് കേസ് നിലനിൽക്കുമോ എന്നാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. ഇപ്പോഴത്തെ പൊലീസ് അന്വേഷണം കാര്യക്ഷമാണെന്നും ഇഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios