Asianet News MalayalamAsianet News Malayalam

കൊടകര കുഴൽപ്പണക്കേസിൽ നിഗൂഢത, ഉറവിടം എവിടെ എന്നതടക്കം അന്വേഷിക്കണം: ഹൈക്കോടതി

കൊടകര കേസിലെ പ്രതികളുടെ ജാമ്യഹർജി തള്ളിയ ഉത്തരവിലാണ് പരാമർശം. കേസിൽ വെളിപ്പെടാത്ത നിരവധി കാര്യങ്ങൾ അവശേഷിക്കുന്നുണ്ടെന്നും ഹൈക്കോടതി പറയുന്നു. കുഴൽപ്പണത്തിന്‍റെ ഉറവിടം, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്നും ഹൈക്കോടതി. 

kodakara money laundering case apt inquiry should be conducted warns high court
Author
Kochi, First Published Jul 16, 2021, 12:06 PM IST

കൊച്ചി: കൊടകര കുഴൽപ്പണക്കേസിലെ കവർച്ച ആകസ്മികമായി സംഭവിച്ചതല്ല, കൃത്യമായി മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. കേസിൽ നിഗൂഢമായ ഒരുപാട് കാര്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്ന് ഹൈക്കോടതി പറയുന്നു. ചില പ്രധാനപ്രതികൾ ഇപ്പോഴും പുറത്തുണ്ട്. കുഴൽപ്പണത്തിന്‍റെ ഉറവിടമെന്ത്, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിക്കുന്നു. കൊടകര കേസിലെ പ്രതികളുടെ ജാമ്യഹർജി തള്ളിയ ഉത്തരവിലാണ് പരാമർശം. കേസിൽ വെളിപ്പെടാത്ത നിരവധി കാര്യങ്ങൾ അവശേഷിക്കുന്നുണ്ടെന്നും ഹൈക്കോടതി പറയുന്നു. 

കൊടകരക്കേസ് ഒരു കവർച്ചാക്കേസ് മാത്രമായി കാണിച്ച് പൊലീസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങവേ ആണ് പ്രതികളുടെ ജാമ്യ ഉത്തരവിൽ ഇത്ര നിർണായകമായ നിരീക്ഷണങ്ങൾ നടത്തുന്നതെന്നതാണ് പ്രധാനം. 

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളാരും പ്രതികളാകില്ല എന്നുറപ്പായിട്ടുണ്ട്. കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കും. കേസിൽ കുറ്റപത്രം ജൂലൈ 24-ന് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ ആകെ 22 പ്രതികളാണുള്ളത്. 

കുറ്റപത്രത്തിൽ ബിജെപി നേതാക്കളുടെ മൊഴികൾ ഉൾപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്തത്. ഇവരിൽ ഒരാൾ പോലും പ്രതിയാകില്ല എന്നാണ് തൃശ്ശൂർ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. 

കുറ്റപത്രത്തിൽ പ്രധാനമായും ആവശ്യമുന്നയിക്കുക, കേസ് ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നായിരിക്കും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (Prevention of Money Laundering Act) ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാകും സംസ്ഥാന പൊലീസ് കോടതിയിൽ ആവശ്യപ്പെടുക. ഇഡി അന്വേഷിക്കേണ്ട വകുപ്പാണിത്. 

കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സുരേന്ദ്രൻ ഹാജരായിരുന്നു. ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു. കവർച്ചക്കേസിൽ പരാതി നൽകിയ ധർമരാജനും കെ സുരേന്ദ്രനും ഫോണിൽ സംസാരിച്ചതിന്‍റെ വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. 

കവർച്ചാ പണം മുഴുവൻ കണ്ടെടുക്കുക ദുഷ്കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. ഈ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ബിജെപി നേതാക്കളിൽ നിന്ന് കിട്ടിയിട്ടില്ല. അതിനാൽ ഇത് ഒരു കവർച്ചാക്കേസ് മാത്രമായി കണക്കാക്കി ഒരു കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. 

ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഇതിനോടകം ഇരുപത്തി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കോടി 45 ലക്ഷം  രൂപയും കണ്ടെടുത്തിരുന്നു. എന്നാൽ ബാക്കി പണം കണ്ടെത്തുക എങ്ങനെയാണ് എന്നതിലാണ് അന്വേഷണസംഘം വഴിമുട്ടി നിന്നത്. 

കേസിന്‍റെ രാഷ്ട്രീയമാനം പൂർണമായും പൊലീസ് അവസാനിപ്പിക്കുന്നു എന്ന് വേണം കണക്കാക്കാൻ. ഇത് ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന പണമാണെന്നാണ് ആദ്യം അന്വേഷണസംഘം പറഞ്ഞിരുന്നത്. ഇക്കാര്യം ഇരിഞ്ഞാലക്കുട കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. എന്നാലിപ്പോൾ നേരേ കേസിൽ യുടേൺ തിരിച്ച് ഇതൊരു കവർച്ചാക്കേസായി മാത്രം അവസാനിപ്പിക്കവേ, സംസ്ഥാനസർക്കാർ കേസ് വെളുപ്പിച്ച് ഒരു കേന്ദ്ര ഏജൻസിക്ക് കൈമാറാൻ ഒരുങ്ങുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിന്‍റെ രാഷ്ട്രീയമാനങ്ങൾ അതുകൊണ്ട് തന്നെ വലുതാകുകയും ചെയ്യും. 

Follow Us:
Download App:
  • android
  • ios