Asianet News MalayalamAsianet News Malayalam

ജയിലിൽ സംഘർഷം, പിന്നാലെ ജീവനക്കാർ മർദ്ദിച്ചെന്ന് പരാതി; ഒടുവിൽ കൊടി സുനിയെ ജയിൽ മാറ്റി

ഉത്തരമേഖല ജയിൽ ഡി.ഐ.ജിയുടെ കീഴിലാണ് തവനൂർ ജയിൽ പ്രവർത്തിക്കുന്നത്

Kodi Suni jail transfer from Viyyur to Thavanur kgn
Author
First Published Nov 9, 2023, 6:24 PM IST

വിയ്യൂർ: ആർഎംപി നേതാവായിരുന്ന ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയെ ജയിൽ മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്ന് തവനൂർ ജയിലിലേക്കാണ് കൊടി സുനിയെ മാറ്റിയത്. ജയിലിൽ നടന്ന സംഘർഷത്തിന്റെ പേരിലാണ് മാറ്റമെന്നാണ് വിവരം. മലപ്പുറം തവനൂർ ജയിലിലേക്കാണ് ഇന്നു രാവിലെ സുനിയെ മാറ്റി പാർപ്പിച്ചത്. ഉത്തരമേഖല ജയിൽ ഡി.ഐ.ജിയുടെ കീഴിലാണ് തവനൂർ ജയിൽ പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള നീക്കമുണ്ടെന്നാണ് സൂചന.

കൊടി സുനിയുടെ നേതൃത്വത്തിലാണ് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ തടവുപുള്ളികൾ ജയിൽ ജീവനക്കാരെ ആക്രമിച്ചതെന്നാണ് എഫ്ഐആർ. മൂന്ന് ജയിൽ ജീവനക്കാർക്കും ഒരു പ്രതിക്കും  ജയിലിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റു. കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, മിബു രാജ് തുടങ്ങിയ പത്തോളം തടവുകാരായിരുന്നു സംഘര്‍ഷത്തിൽ ജയിൽ ജീവനക്കാരെ മർദ്ദിച്ചത്. ജയില്‍ ജീവനക്കാരായ അര്‍ജുന്‍, ഓംപ്രകാശ്, വിജയകുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

തിരുവനന്തപുരം ജയിലിൽ നിന്നും അച്ചടക്ക പ്രശ്നങ്ങളെ തുടർന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റിയ കാട്ടുണ്ണി രഞ്ജിത്ത് എന്ന കൊലക്കേസ് പ്രതിയും സംഘവുമാണ് രാവിലെ ആദ്യം പ്രശ്നങ്ങൾ തുടങ്ങിയത്. ഓഫീസിലേക്ക് പരാതിയുമായി പോയ അവർ ഓഫീസ് മുറിയിൽ വെച്ച് ചായ കൊണ്ടുവന്ന ഗ്ലാസ് കൊണ്ട് കൈമുറിക്കാൻ ശ്രമിച്ചു. ഈ സമയത്ത് തന്നെ കൊടി സുനിയുടെ നേതൃത്വത്തിലുളള സംഘം ഗാർഡ് ഓഫീസറുടെ മുറിയും തകർത്തു. മുറിയിലുണ്ടായിരുന്ന ഫർണീച്ചറുകളും തകർത്തുവെന്നുമാണ് ജയിൽ അധികൃതർ പറയുന്നത്. ജില്ലാ ജയിലിൽ നിന്ന് അധികം ജീവനക്കാരെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്.

എന്നാൽ പിന്നാലെ കൊടി സുനിക്ക് ജയിലിൽ വച്ച് ജീവനക്കാരുടെ മർദ്ദനമേറ്റെന്ന പരാതിയുമായി കുടുംബം രംഗത്ത് എത്തി. ജയിലിലെ മുറിയിൽ ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മർദ്ദിച്ചുവെന്നാണ് കുടുംബം പരാതി നൽകിയത്. തുടർന്ന് കൊടി സുനിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരുന്നു. ജയിലിലെ സംഘർഷത്തിൽ കൊടി സുനി ഉൾപ്പെടെ 10 പേർക്കെതിരെ വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios