ദില്ലി: ആന്‍റണിയെ വിമര്‍ശിക്കുന്നവര്‍ കോണ്‍ഗ്രസിന്‍റെ ശത്രുക്കളെന്ന് നിയുക്ത എംപി കൊടിക്കുന്നില്‍ സുരേഷ്. എ കെ ആന്റണിയാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി എന്ന തരത്തിൽ നടക്കുന്ന സൈബർ ആക്രമണം അംഗികരിക്കാനാകില്ല. മുതിർന്ന നേതാക്കളെ സംഘടിതമായി ആക്രമിക്കുന്ന നടപടി പാർട്ടിയിൽ ഒരു വിഭാഗം നടത്തുന്നുണ്ട്. കുറേ കാലമായി ഇത് തുടരുന്നുണ്ട്. പി സി ചാക്കോ, കെ വി തോമസ് തുടങ്ങിയവര്‍ക്കെതിരെ എല്ലാം നീക്കം നടന്നു. ഇത്തരക്കാർക്കെതിരെ പാർട്ടി നടപടി എടുക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. 

കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കെതിരെ പാർട്ടിക്കുള്ളിലെ ചിലർ സംഘടിതമായി ഗൂഢാലോചന നടത്തുന്നുണ്ട്. എ.കെ ആന്‍റണിക്ക് നേരെ നടന്ന സൈബർ ആക്രമണം ഇതിന്‍റെ ഭാഗമാണ്. പാർട്ടിയിലെ ചില സോപ്പു കുട്ടന്മാരും അമുൽ ബേബിമാരും മുതിർന്ന നേതാക്കളെ നവ മാധ്യമങ്ങൾ വഴി ആക്രമിക്കുന്നു. എ.കെ ആന്‍റണിയെ പോലെ മുതിർന്ന നേതാക്കളെ ആക്രമിക്കുന്ന ഇവർ പാർട്ടിയുടെ ശത്രുക്കളാണ്. മുതിർന്ന നേതാക്കളെ ഉന്മൂലം ചെയ്യനാണ് ഇവരുടെ ശ്രമമെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം കേന്ദ്രത്തില്‍ പ്രതിപക്ഷത്തിന് അർഹമായ പരിഗണ നൽകണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്‍റെ അവസരങ്ങളും അവകാശവും അടിച്ചമർത്താൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം ഉയർത്തും. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ  പോലും കഴിഞ്ഞ തവണ അവസരം നൽകിയില്ല. പ്രതിപക്ഷ നേതൃത്വ സ്ഥാനം ഇന്നത്തെ സർവ്വകക്ഷി യോഗത്തിൽ ഉന്നയിക്കില്ല. അംഗങ്ങളുടെ സത്യപ്രതിഞ്ജനക്ക് ശേഷം ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും. രാഹുൽ ഗാന്ധി ലോക്സഭാ നേതാവ് ആകണം എന്നാണ് കോൺഗ്രസ് എം പിമാരുടെ ആഗ്രഹം. സീനിയോരിറ്റി മാത്രമല്ല ലോക്സഭാ നേതാവിനുള്ള യോഗ്യതയെന്നും മറ്റു ഘടകങ്ങൾ കൂടി ഉണ്ടെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സംബന്ധിച്ച് ഇന്നത്തെ യോഗത്തിൽ ആവശ്യം ഉന്നയിക്കില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.