കോട്ടയം: കോട്ടയം കോടിമത പാലത്തിന് താഴെ 20 വർഷമായി പുറമ്പോക്കിൽ കഴിയുന്ന ഐഷുമ്മയുടെ വീടെന്ന് സ്വപ്നം യാഥാർത്ഥ്യമാവുന്നു. ഇവര്‍ക്ക് മൂന്ന് സെന്‍റ് സ്ഥലം കോട്ടയം സ്വദേശി ഷാജി നല്‍കും ഒപ്പം വീട് വച്ച് നല്കാൻ ഒരു സന്നദ്ധ സംഘടനയും മുന്നോട്ട് വന്നിട്ടുണ്ട്. ജീവിതം പുറമ്പോക്കില്‍ എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിലൂടെയാണ് ഐഷുമ്മയുടെ ദുരിതം നാടറിഞ്ഞത്.

കഴിഞ്ഞ 20 വർഷമായി നല്ലൊരു കാറ്റടിച്ചാൽ തകർന്നു പോകുന്ന കൂരയിലായിരുന്നു ഔഷുമ്മയുടെയും മകളുടെയും ജീവിതം. അടച്ചുറപ്പില്ലാത്ത് വീട്ടിൽ പ്രായപൂർത്തിയായ മകളുമൊത്ത് സാമൂഹ്യവിരുദ്ധരുടെ ഇടത്താവളമായ പരിസരത്ത് രാത്രിയിൽ ഞെട്ടി ഉണരാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. ഈ ദുരിതം ജീവിതം പുറമ്പോക്കിൽ എന്ന് ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിലൂടെ പുറത്ത് വന്നതിന് പിന്നാലെ ഐഷുമ്മയ്ക്ക് വീട് വെക്കാൻ 3 സെന്‍റ് സ്ഥലം നൽകാൻ കോട്ടയം സ്വദേശിയായ ഷാജി ജേക്കബ് തയ്യാറായി. ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്‍റ് കൂടിയാണ് ഷാജി.

ഇതിന് പിന്നാലെ ഐഎസ്ആർഒയുട കൊമേഷ്യൽ വിങായ ആന്‍റട്രിക്സ് സിഎംഡി രാകേഷിന്‍റെ നിർദേശാനുസരണം റോട്ടരി ക്ലബ് ഓഫ് കൊച്ചിൻ മെട്രോപോളിസ് 6 ലക്ഷം രൂപയുടെ വീട് 5 മാസത്തിനകം വെച്ച് നൽകാൻ സന്നദ്ധത അറിയിച്ചു. ജീവിതത്തിലെ പ്രതീക്ഷകളെല്ലാം കൈവെടിഞ്ഞ് നിറഞ്ഞ കണ്ണുകളോടെ എന്നും കാണാറുളള എഷുമ്മ മനസ്സറിഞ്ഞ് ചിരിച്ചു, പുതിയ ഇടത്തിലേക്ക് കരക്കെത്തിച്ച് മക്കളെപ്പോലെ തന്നെ കരുതി പോറ്റി വളർത്തുന്ന മിണ്ടാപ്രാണികളെയെല്ലാം കൂടെ കൂട്ടാനാണ് ഐഷുമ്മയുടെ തീരുമാനം.