തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസികൾ പിടിമുറുക്കുന്നതിനിടെ മാധ്യമങ്ങളെ കടന്നാക്രമിച്ച് കോടിയേരി. ഇഡിയെ മഹത്വവൽക്കരിക്കുന്ന മാധ്യമങ്ങൾ കള്ളപ്രചാരണത്തിലൂടെ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. പ്രതിരോധ നീക്കത്തിന്റെ ഭാഗമായി കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാനുള്ള ചർച്ചകൾ സിപിഎമ്മിൽ സജീവമാണ്. അതേ സമയം മുഖ്യമന്ത്രിയുടെയും കോടിയേരിയുടേയും രാജിയാവശ്യം പ്രതിപക്ഷം ശക്തമാക്കി

ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റിന് പിന്നാലെ അന്വേഷണ ഏജൻസികളുടെ അടുത്ത ലക്ഷ്യം എന്തെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇഡിയെയും മാധ്യമങ്ങളെയുും സിപിഎം നേരിടുന്നത്. ബിനീഷിൻറെ കേസ് പറയാതെയാണ് കോടിയേരിയുടെ കടന്നാക്രമണം. വിമർശനം തന്ത്രമാക്കുമ്പോഴും കോടിയേരിയുടെ സ്ഥാനമൊഴിയലും പാർട്ടിയിൽ ചർച്ചയാകുന്നുണ്ട്. കേന്ദ്ര കമ്മിറ്റി തുടരാൻ ആവശ്യപ്പെട്ടെങ്കിലും ബിനീഷിനെതിരെ പുറത്തുവരുന്ന തെളിവുകൾ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി ഉണ്ടാക്കുമോ എന്നാണ് സിപിഎമ്മിന് ആശങ്ക.

ഈ സാഹചര്യത്തിൽ കോടിയേരി ആരോഗ്യകാരണം പറഞ്ഞ് സ്വയം മാറിനിന്നേക്കുമെന്നാണ് സൂചനകൾ. വെള്ളിയാഴ്ചയിലെ സെക്രട്ടരിയേറ്റും ശനിയാഴ്ച ചേരുന്ന സംസ്ഥാന സമിതിയും വിഷയം ചർച്ച ചെയ്യും. സ്വപ്നപദ്ധതികളിലെ വിശദാംശങ്ങൾ ഇഡിക്ക് നൽകാതിരിക്കാനാണ് സർക്കാറിൻര ആലോചന. അതേ സമയം അന്വേഷണം തന്നിലേക്കെത്തുമെന്ന ഭയമാണ് ഏജൻസികളെ മുഖ്യമന്ത്രി വിരട്ടാൻ കാരണമെന്ന് പറഞ്ഞ് പ്രതിപക്ഷം രാജിയാവശ്യം കടുപ്പിക്കുന്നു.