Asianet News MalayalamAsianet News Malayalam

കൈപ്പത്തിയിൽ താമര വിരിയിക്കാൻ ബിജെപിക്കറിയാം; ഇ ശ്രീധരന്റെ വാക്കുകൾ തെളിവെന്നും കോടിയേരി

യുഡിഎഫ് വരട്ടെ എന്ന് പറയുന്നത് ബി.ജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ്. ഇത് എന്തിൻ്റെ പുറപ്പാടാണെന്ന് ജനത്തിന് മനസിലാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

kodiyeri balakrishnan against congress and bjp on election and rank holders protest
Author
Thiruvananthapuram, First Published Feb 20, 2021, 12:35 PM IST

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരനെതിരെ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ.  ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി വന്നോട്ടെ എന്നാണ് ശ്രീധ​രൻ ഇന്ന് പറഞ്ഞത്. ഇതാണ് കേരളത്തിൽ നടക്കുന്ന അടിയൊഴുക്ക്. എൽഡിഎഫിനെ തകർക്കലാണ് ആർഎസ്എസ് ലക്ഷ്യം. യുഡിഎഫ് വരട്ടെ എന്ന് പറയുന്നത് ബി.ജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ്. ഇത് എന്തിൻ്റെ പുറപ്പാടാണെന്ന് ജനത്തിന് മനസിലാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

ഒരു തെരെഞ്ഞെടുപ്പും കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ആവർത്തനം ആകില്ല. പക്ഷേ തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം നിയമസഭാതെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാണ്. ഇടതുപക്ഷ പ്രവർത്തകർ ജാഗ്രത പാലിച്ചാൽ തുടർഭരണം ഉണ്ടാവും. വലതുപക്ഷ കക്ഷികൾ എല്ലാ മരണ കളിയും  ആരംഭിച്ചുകഴിഞ്ഞു. സർക്കാറിനെതിനെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ആരോപണങ്ങൾ ഉന്നയിച്ചു. ബി ജെ പി ക്ക് പിൻസീറ്റ് ഡ്രൈവിംഗ് നടത്താൻ കഴിയുന്ന സർക്കാരുണ്ടാവണം എന്നാണ് ആ​ഗ്രഹം. തൂക്ക് സഭയുണ്ടാകണമെന്നാണ് അവർ ആ​ഗ്രഹിക്കുന്നത്.

കോൺഗ്രസുകാർ വിജയിച്ചാലും ബിജെപിക്ക് വിലയ്ക്കെടുക്കാനാകും. കേരളത്തിൽ കോൺഗ്രസ് വിജയിച്ചാൽ ബി ജെ പി ക്ക് പ്രശ്നമല്ല. 
കൈപ്പത്തിയിൽ താമര വിരിയിക്കാൻ അവർക്കറിയാം. മോദി പറഞ്ഞത് അനുസരിച്ചാണ്  ഇ ശ്രീധരനെ പിടികൂടിയത്. ശ്രീധരന് എവിടെ വേണമെങ്കിലും ചേരാം. കേന്ദ്ര ഭരണം ഉപയോഗിച്ച് ചിലരെ പാർട്ടിയിലേക്ക് ആകർഷിക്കുകയാണ്. ഒരു സീറ്റു പോലുമില്ലാത്ത സ്ഥലത്ത് മുഖ്യമന്ത്രിയാകാം എന്നാണ് പറയുന്നത്. 

റാങ്ക് ഹോൾഡേഴ്സ് സമരം കോൺഗ്രസ് നടത്തുന്ന ആസൂത്രിത സമരമാണ്. കല്ലും വടിയും ഉപയോഗിച്ച് സർക്കാരിനെ വീഴ്ത്താം എന്ന് കരുതേണ്ട. സമരം തീർക്കാൻ പ്രതിപക്ഷം ആത്മാർത്ഥമായി ആഗ്രഹിക്കുന്നില്ല. സമരത്തിന്റെ കാര്യത്തിൽ എന്തുകൊണ്ട് സർക്കാരുമായി പ്രതിപക്ഷാംഗങ്ങൾ ബന്ധപ്പെടുന്നില്ല. പ്രതിപക്ഷത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടു.  ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് സ്വയം ഇളിഭ്യരാവുകയാണ് പ്രതിപക്ഷം. സമരം യൂത്ത് കോൺഗ്രസ് ഹൈജാക്ക് ചെയ്തു. സമരക്കാരുമായി ചർച്ച ചെയ്യാനുള്ള തുറന്ന മനസ് സർക്കാരിനുണ്ട്. പ്രതിപക്ഷത്തിൻ്റെ വലയിൽ അവർ വീണു പോകാതിരുന്നാൽ മതി. ഉമ്മൻ ചാണ്ടി പറയുന്നതിന് സമരക്കാർ വില കൽപ്പിക്കുന്നില്ല. എൽ ഡി എഫാണ് വീണ്ടും വരുന്നതെന്ന് സമരക്കാർക്കറിയാമെന്നും കോടിയേരി പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios