ആലുവ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധനെ തിരികെ കിട്ടും വരെ ഉറങ്ങാതെ ഇരിക്കേണ്ട മോദി ഈ സമയത്ത് പ്രസംഗിച്ചു നടക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. കോടിയേരി നയിക്കുന്ന കേരളസംരക്ഷണ യാത്രയ്ക്ക് ആലുവയില്‍ നല്‍കിയ സ്വീകരണചടങ്ങില്‍ സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. 

മോദിക്കെതിരെ പറഞ്ഞാല്‍ രാജ്യദ്രോഹിയായി മുദ്രകുത്തുകയാണെന്നും നരേന്ദ്രമോദിയേയും അമിത് ഷായേയും വിമര്‍ശിച്ചു സംസാരിച്ചാല്‍ ജയിലിലാവുന്ന അവസ്ഥയാണ് രാജ്യത്തിപ്പോള്‍ ഉള്ളതെന്നും പറഞ്ഞ കോടിയേരി ഇത്തരം പ്രചരണങ്ങള്‍ ബിജെപിക്ക് തിരിച്ചടിയായി മാറുമെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ വ്യോമസേന നാടിന്‍റെ അഭിമാനമാണ്. പക്ഷേ മോദി സൈന്യത്തെ തന്നെ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കുകയാണ്. രാഷ്ട്രം മോദിയുടെ കൈയില്‍ അല്ല സൈനികരുടെ കൈയിലാണ് എന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ നിന്നും മനസിലാവുന്നതെന്നും കോടിയേരി പറഞ്ഞു.