കോട്ടയം/ പാലാ: ഉമ്മൻചാണ്ടിയും പിജെ ജോസഫും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമായാണ് കേരളാ കോൺഗ്രസിന് പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം നഷ്ടമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടത് മുന്നണിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉമ്മൻചാണ്ടി ഇക്കാര്യം ഓര്‍ക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പാലായിൽ പറഞ്ഞു. 

കെഎം മാണിക്കെതിരായ ഗൂഢാലോചനക്ക് പിന്നിലും ഉമ്മൻചാണ്ടിയായിരുന്നു, കെഎം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തിന് പിന്നിൽ ഉമ്മൻചാണ്ടിക്ക് പങ്കുണ്ടെന്ന് ആരോപിച്ച കോടിയേരി ബാർകോഴ ആരോപണത്തിലെ കണ്ടെത്തൽ പുറത്ത് വിടാൻ കേരള കോൺഗ്രസ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. കെഎം മാണിയെ പിന്നിൽ നിന്ന് കുത്തിയ നേതാക്കൾ ആരെന്ന് ഈ റിപ്പോർട്ടിൽ വ്യക്തമാണെന്നും കോടിയേരി പറഞ്ഞു.

കെഎംമാണി യുഡിഎഫ് വിട്ടത് എന്തിനെന്ന് ഉമ്മൻചാണ്ടി ഓർക്കണം. മാണി യുഡിഎഫിലേക്ക് തിരിച്ചെത്തിയതിനുള്ള പ്രത്യുപകരമായിരുന്നു ജോസ് കെ മാണിക്ക് ലഭിച്ച രാജ്യസഭ സീറ്റെന്നും കോടിയേരി ആരോപിച്ചു.