തിരുവനന്തപുരം: അർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൂർണ ആരോഗ്യവാനായി തിരിച്ചെത്തുന്നു. അർബുദ ചികിത്സയെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്ന കോടിയേരി വീണ്ടും പ്രവർത്തനം തുടങ്ങുകയാണ്. കാൻസറിനെ അതിജീവിക്കാൻ മാനസികമായ കരുത്ത് പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഫലപ്രദമായ ചികിത്സ നടത്തണം. ചികിത്സാ സമയത്ത് ഒന്നിനെയും ഭയക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മുഴുവൻ സമയ രാഷ്ട്രീയത്തിൽ ഉടന്‍ സജീവമാകും. രോഗം പൂര്‍ണമായി ഭേദമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സാ സമയത്ത് അനുഭവസ്ഥരുടെ പാഠങ്ങളും സഹായകമായി. പാര്‍ട്ടി നേതാക്കള്‍ തനിക്ക് ചികിത്സാകാലത്ത് പൂര്‍ണ പിന്തുണ നല്‍കി. അർബുദം ബാധിച്ചാൽ നിരവധി പ്രയാസങ്ങളുണ്ടാകും. പക്ഷേ ഒന്നിലും ഭയപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിൽ നടക്കുന്നത് ചക്കളത്തിപ്പോരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. കേരള കോൺഗ്രസുമായി ബന്ധപ്പെട്ട് യുഡിഎഫിൽ നിലനിൽക്കുന്നത് ആശയപരമായ തർക്കമല്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചക്കളത്തിപ്പോരാണ് ഇപ്പോൾ നടക്കുന്നത്. കേരള കോൺഗ്രസുമായി ഇപ്പോൾ യാതൊരു വിധ ചർച്ചയ്ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.