തിരുവനന്തപുരം: തൃശൂര്‍ സനൂപ് കൊലപാതകത്തിന് പിന്നിൽ ബിജെപിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ കൊലക്കത്തി രാഷ്ട്രീയം ഉപേക്ഷിക്കാൻ ബിജെപിയും കോൺഗ്രസും തയ്യാറാകണം.  എങ്ങോട്ടാണ് കേരളം പോകുന്നത് എന്നാണ് ചിന്തിക്കേണ്ടത്. കേരളം കൊലക്കളമാക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്, തൃശൂരിലെ സനൂപ് അടക്കം നാല് സിപിഎം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിട്ടും. അങ്ങേയറ്റം സംയമനത്തോടെയാണ് സിപിഎം പ്രതികരിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ പാര്‍ട്ടിഘടകങ്ങൾ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

കേരളത്തിൽ മാധ്യമങ്ങൾ സംരക്ഷിക്കുന്നത് കോര്‍പറേറ്റ് താൽപര്യം മാത്രമാണെന്നും കോടിയേരി ആരോപിച്ചു.  മാധ്യമങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനം ആണ്. ചര്‍ച്ചകൾ പോലും ഇടത്പക്ഷ വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. മാധ്യമങ്ങളുടെ നിലപാട് ജനാധിപത്യത്തിന് ഭീഷണിയാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.