Asianet News MalayalamAsianet News Malayalam

കരിങ്കല്ലില്‍ കൊത്തിയ കോടിയേരിച്ചിരി; പയ്യാമ്പലത്ത് സ്‌മൃതിമണ്ഡപം ഒരുങ്ങി, അനാച്ഛാദനം ഒക്ടോബര്‍ 1ന്

ഓർമകൾ അലയടിച്ച ഒരാണ്ട്. അനുഭവിച്ചറിയുന്ന അസാന്നിധ്യം. എരിഞ്ഞടങ്ങിയ പയ്യാമ്പലത്ത് ചെങ്കൊടിയും ചെന്താരകവും ചിരിക്കുന്ന മുഖവുമായി കോടിയേരിയുടെ സ്മൃതി മണ്ഡപം ഒരുങ്ങി.

kodiyeri balakrishnan memorial at payyambalam beach SSM
Author
First Published Sep 28, 2023, 3:51 PM IST

കണ്ണൂര്‍: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഓർമകൾക്ക് ഒക്ടോബർ ഒന്നിന് ഒരാണ്ട്. പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊളളുന്നിടത്ത് കോടിയേരിക്കായി സ്മൃതി മണ്ഡപം ഒരുങ്ങി. വാർഷിക ദിനത്തിൽ നേതാവിനെ അനുസ്മരിക്കാൻ സിപിഎം വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഓർമകൾ അലയടിച്ച ഒരാണ്ട്. അനുഭവിച്ചറിയുന്ന അസാന്നിധ്യമാണ് ഇന്ന് കോടിയേരി. എരിഞ്ഞടങ്ങിയ പയ്യാമ്പലത്ത് ചെങ്കൊടിയും ചെന്താരകവും ചിരിക്കുന്ന മുഖവുമായി കോടിയേരിയുടെ സ്മൃതി മണ്ഡപം ഒരുങ്ങി. ചടയൻ ഗോവിന്ദന്‍റെയും നായനാരുടെയും കുടീരങ്ങൾക്ക് നടുവിലാണിത്. ശിൽപ്പി ഉണ്ണി കാനായിയാണ് കോടിയേരിയുടെ ശില്‍പ്പം കൊത്തിയെടുത്തത്.

"ഒന്നര മാസം കൊണ്ടാണ് രൂപരേഖ തയ്യാറാക്കിയത്. എട്ടടി സമചതുരത്തിലുള്ള തറയില്‍ പതിനൊന്നടി ഉയരത്തിലാണ് സ്തൂപം ഒരുക്കിയത്. സെറാമിക് ടൈല്‍ ചെറുതായി മുറിച്ചെടുത്തു. ഉപ്പ് കാറ്റിനെയും കടല്‍ വെള്ളത്തെയുമെല്ലാം അതിജീവിക്കുന്ന രീതിയിലാണ് സ്തൂപത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്"- ശില്‍പ്പി ഉണ്ണി കാനായി പറഞ്ഞു.

ഏത് പ്രതിസന്ധിയിലും ഉലയാതിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ ചിരി തന്നെയാണ് കരിങ്കല്ലിൽ കൊത്തിയെടുത്തത്- "കോടിയേരി സഖാവിനെപ്പോലെ ചിരിക്കുന്ന നേതാക്കളുടെ മുഖം അപൂര്‍വ്വമാണ്. ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ സഖാവിന്‍റെ മുഖമാണ്. ചെറിയൊരു മാറ്റം വന്നാല്‍ പോലും ചര്‍ച്ചയാകും. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് ശില്‍പ്പം ചെയ്തിരിക്കുന്നത്"- ഉണ്ണി കാനായി വിശദീകരിച്ചു.

കോടിയേരി ബാലകൃഷ്ണന്‍റെ ഒന്നാം ചരമവാർഷികം സിപിഎം വിപുലമായി ആചരിക്കുന്നുണ്ട്. തലശ്ശേരിയിലും തളിപ്പറമ്പിലും അനുസ്മരണ സമ്മേളനങ്ങൾ നടത്താന്‍ സിപിഎം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും എത്തും. ഒരു മാസത്തോളം നീളുന്ന സെമിനാറുകൾക്ക് തുടക്കമാവും. ഒക്ടോബര്‍ ഒന്നിന് രാവിലെയാണ് സ്തൂപം അനാച്ഛാദനം.

വീഡിയോ സ്റ്റോറി കാണാം

Follow Us:
Download App:
  • android
  • ios