ദില്ലി: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഷിബു ബേബി ജോണ്‍ ഉന്നയിച്ച ആരോപണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  ആരോപണത്തില്‍ കഥയില്ലെന്ന് കോടിയേരി പറ‌ഞ്ഞു. തനിക്കൊപ്പം ആരോപണവിധേയരായ, മാണി  സി കാപ്പനും വ്യവസായി ദിനേശ് മേനോനും  ആരോപണം നിഷേധിച്ചു. പിന്നെ എന്തിനാണ് തന്നെ വലിച്ചിഴയ്ക്കുന്നതെന്നും കോടിയേരി ചോദിച്ചു.

 പാലാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മെനഞ്ഞെടുത്ത ആരോപണമാണിത്. പാലായിൽ അത് ഏശിയില്ല. 
പിന്നെ ഇനി ഇത് എങ്ങനെ ഏശാനാണ്. മാണി സി കാപ്പനും ദിനേശ് മേനോനും തമ്മിലുള്ള ചെക്ക് കേസ് കാപ്പന്റെ തെരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തിൽ ഉണ്ട്. നിങ്ങളിതൊക്കെ കൊണ്ടുനടക്കുന്നത് കൊണ്ടാണ് ഇത്തരം ആരോപണം വരുന്നതെന്നും മാധ്യമങ്ങളോട് കോടിയേരി പറഞ്ഞു.  ഇതുകൊണ്ട് ഷിബുബേബിജോൺ പോലെയുള്ള ആളുകൾ നടക്കേണ്ടതുണ്ടോ. നിങ്ങൾക്ക് താല്പര്യം ഉള്ളത് എഴുതി തരൂ, അത് പറയാം എന്നും കോടിയേരി പരിഹസിച്ചു.

കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ സിബിഐക്ക് മുമ്പാകെ മാണി സി കാപ്പന്‍ നല്‍കിയ മൊഴിയുടെ രേഖകളാണ് ആര്‍എസ്‍പി നേതാവ് ഷിബു ബേബി ജോണ്‍ ഇന്ന് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വിമാനത്താവള ഓഹരി നല്‍കാമെന്ന് പറ‌ഞ്ഞ് അന്ന് മന്ത്രിയായിരുന്ന കോടിയേരിയും മകനും മുംബൈയിലെ വ്യവസായിയായ ദിനേശ് മേനോനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് മാണി സി കാപ്പന്‍ മൊഴി നല്‍കിയെന്നാണ് ഷിബു ബേബി ജോണ്‍ ആരോപിച്ചത്. 

Read Also: കോടിയേരിക്കും മകനുമെതിരെ മാണി സി കാപ്പന്‍റെ മൊഴി; സിബിഐ രേഖകള്‍ പുറത്തുവിട്ട് ഷിബു ബേബിജോണ്‍

എന്നാല്‍, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട മീറ്റിങ്ങിന് വന്ന സമയത്ത് കോടിയേരി ബാലകൃഷ്ണനെ കണ്ടിട്ടുണ്ടെന്നല്ലാതെ അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്ന് ദിനേശ് മേനോന്‍ പ്രതികരിച്ചു. താന്‍ പണം കൈമാറിയത് മാണി സി കാപ്പനാണെന്നും അദ്ദേഹം പ്രതികരിച്ചു.

Read Also: കോടിയേരിക്കും മകനും പണം നല്‍കിയിട്ടില്ല; താന്‍ പണം നല്‍കിയത് മാണി സി കാപ്പനെന്നും മുംബൈ വ്യവസായി

പിന്നാലെ, ഷിബു ബേബി ജോണിന്‍റെ ആരോപണം നിഷേധിച്ച് മാണി സി കാപ്പനും രംഗത്തെത്തി. കോടിയേരിക്കും മകനുമെതിര െതാന്‍ മൊഴി നല്‍കിയിട്ടില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ഷിബു ബേബി ജോണ്‍ പ്രചരിപ്പിക്കുന്നത് വ്യാജരേഖയാണെന്നും അദ്ദേഹം പ്രതികരിച്ചു. 

Read Also: കോടിയേരിക്കെതിരെ മൊഴി നൽകിയിട്ടില്ല; ഷിബു ബേബിജോണിനെതിരെ മാണി സി കാപ്പൻ