തിരുവനന്തപുരം: അഡ്വക്കേറ്റ് ശ്രീജിത്തിനെ അറിയാമെന്ന് സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിനോയിയുമായി ബന്ധപ്പെട്ട ലൈംഗിക പീഡന കേസിന്‍റെ കാര്യങ്ങൾ താനും ഭാര്യയും ശ്രീജിത്തുമായി സംസാരിച്ചിരുന്നുവെന്ന് കോടിയേരി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട നോട്ടീസ് വന്നപ്പോഴാണ് കാര്യം അറിഞ്ഞതെന്ന് പറഞ്ഞ കോടിയേരി ബിനോയ് കേസ് സിപിഎം സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തെന്നും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

അഡ്വക്കേറ്റ് ശ്രീജിത്തുമായി വിനോദിനി സംസാരിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച കോടിയേരി അമ്മയെന്ന നിലയിലാണ് വിനോദിനി സംസാരിച്ചത് എന്നാണ് വിശദീകരിച്ചത്. എന്താണ് സംഭവിക്കുക എന്ന് ചോദിച്ചറിയുകയായിരുന്നു വിനോദിനിയുടെ ലക്ഷ്യം. ജനുവരിയിലാണ് കേസിന്‍റെ തുടക്കം അന്ന് കേസിനെ പറ്റി ചോദിച്ചപ്പോൾ ബിനോയ് എല്ലാം നിഷേധിച്ചുവെന്ന് പറഞ്ഞ കോടിയേരി രേഖകൾ വ്യാജമാണെന്നാണ് ബിനോയ് പറഞ്ഞതെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിനോയ് എവിടെയാണെന്ന് പൊലീസ് കണ്ടെത്തട്ടെയെന്ന നിലപാട് ആവർത്തിച്ച കോടിയേരി ഇക്കാര്യം നിങ്ങൾക്കും അന്വേഷിക്കാമെന്ന് മാധ്യമപ്രവർത്തകരോടും പറ‍ഞ്ഞു. 

മകൻ ദുബായിയിൽ കെട്ടിട നിർമ്മാണ ബിസിനസ് നടത്തുകയായിരുന്നുവെന്നും, പിന്നീട് കടം വന്നപ്പോഴാണ് വിവാദമുണ്ടായതെന്നും പറഞ്ഞ കോടിയേരി. കോടികൾ കൊടുക്കാനുണ്ടായിരുന്നെങ്കിൽ ഈ കേസ് തന്നെ ഉണ്ടാകില്ലായിരുന്നുവെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബൈയിലെ തന്‍റെ ഓഫീസിൽ വച്ചാണെന്നെന്ന് മധ്യസ്ഥ ചർച്ച നടത്തിയ അഭിഭാഷകൻ കെ പി ശ്രീജിത്ത് ഇന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്‍റെ വാദം പൊളിയുന്നത് കെ പി ശ്രീജിത്തിന്‍റെ വെളിപ്പെടുത്തലോടെയാണ്. 

ഏപ്രിൽ 18ന് വിനോദിനിയും 29 ന് ബിനോയിയും ചർച്ചയ്‍ക്കെത്തിയെന്നും വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയേരിയുടെ വാദം തെറ്റാണെന്നുമാണ് കെ പി ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ചർച്ചക്ക് ശേഷം കോടിയേരി ബാലകൃഷ്ണനുമായി താൻ ഫോണിൽ സംസാരിച്ചെന്നും അഭിഭാഷകൻ വെളിപ്പെടുത്തിയിരുന്നു. വിഷയത്തിന്‍റെ ഗൗരവം കോടിയേരിയോട് പറഞ്ഞുവെന്നും എന്നാൽ, ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്നുമായിരുന്നു കെ പി ശ്രീജിത്ത് പറഞ്ഞത്.

ബിനോയ് കോടിയേരിയുടെ ലൈംഗിക പീഡന വിവാദം സിപിഎം സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് വിഷയം സംസ്ഥാന സമിതി മുന്നാകെ അവതരിപ്പിച്ചത്. കോടിയേരി ഈ വിഷയം ഇന്ന് സംസ്ഥാന സമിതിക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.

മകന് ഈ വിഷയത്തിൽ യാതൊരു വിധ സഹായവും ചെയ്യില്ലെന്ന നിലപാട് കോടിയേരി സംസ്ഥാന സമിതിയിലും ആവർത്തിച്ചു. ഈ വിഷയത്തെക്കുറിച്ച് തനിക്ക് നേരത്തെ അറിവില്ലായിരുന്നുവെന്നും കോടിയേരി സമിതിയിൽ വ്യക്തമാക്കി. വിഷയം കോടിയേരി സംസ്ഥാന സെക്രട്ടേറിയേറ്റിൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

വിഷയം കോടിയേരി ഇന്ന് സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചുവെങ്കിലും കാര്യമായ ചർച്ച അതിന്മേൽ ഉണ്ടായിരുന്നില്ല എന്നാണ് സൂചന. തെരഞ്ഞെടുപ്പ് അവലോകനത്തിന് വേണ്ടി മാത്രം ചേർന്നിട്ടും സമകാലിന പ്രസക്തിയുള്ള വിഷയം ഇപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യാൻ സിപിഎം തയ്യാറായി എന്നുള്ളതാണ് ശ്രദ്ധേയം. ഇനി കീഴ് ഘടകങ്ങളിലും സിപിഎമ്മിന് വിഷയം അവതരിപ്പിക്കേണ്ടതായി വരും.