തിരുവനന്തപുരം: യുഡിഎഫ് പുറത്താക്കിയ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ ഇടത് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞ ഭിന്നാഭിപ്രായത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലേക്കെടുക്കാൻ ധാരണയോ ചര്‍ച്ചയോ ഉണ്ടായിട്ടില്ല. അവരുടെ രാഷ്ട്രീയ നിലപാട് അറിഞ്ഞ ശേഷമായിരിക്കും തുടര്‍ തീരുമാനമെന്ന് കോടിയേരി വ്യക്തമാക്കി.

ഇടത് മുന്നണിയിലെ ഓരോ കക്ഷികൾക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. സിപിഐ എന്ത് നിലപാട് സ്വീകരിക്കണമെന്ന് സിപിഎം പറയില്ല. സിപിഎമ്മിന്‍റെ തീരുമാനങ്ങളിൽ കൈകടത്താൻ അനുവദിക്കാറുമില്ല. മുന്നണി വിപുലീകരണത്തിലേക്ക് കാര്യങ്ങളെത്തിയാൽ സിപിഐയോട് കൂടി ആലോചിച്ചെ തീരുമാനമെടുക്കൂ. കേരള കോൺഗ്രസിൽ ജോസ് വിഭാഗത്തിന് സ്വാധീനമുണ്ടെന്ന് തന്നെയാണ് കിട്ടുന്ന റിപ്പോര്‍ട്ടുകളെന്നും കോടിയേരി വിശദീകരിച്ചു. 

യുഡിഎഫിനെ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചെടുക്കേണ്ട ബാധ്യതയൊന്നും ഇടത് മുന്നണി ഏറ്റെടുക്കേണ്ട കാര്യമില്ല. ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് യുഡിഎഫിനെ ശിഥിലമാക്കും. അത് പരമാവധി മുതലെടുക്കാൻ തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിൽ സിപിഎം ശ്രമിക്കുക.

ഒറ്റക്ക് നിന്നാൽ പാര്‍ട്ടിക്ക് ശക്തിയില്ലെന്ന് പറയാൻ കടൽ വെള്ളം കോരി ബക്കറ്റിലെടുത്താലെന്ന പോലെയെന്ന് പരാമര്‍ശിച്ച കാനം രാജേന്ദ്രന് അതേ നാണയത്തിൽ കോടിയേരി ബാലകൃഷ്ണൻ മറുപടിയും നൽകി. ഒറ്റയ്ക്ക് മത്സരിച്ചാൽ എന്താണ് അവസ്ഥയെന്ന് ചിന്തിക്കുകയാണെങ്കിൽ കാനം രാജേന്ദ്രൻ പറഞ്ഞത് ശരിയാണ്. ഒറ്റയ്ക്ക് നിന്നാൽ ആരും ശക്തിയല്ലെന്ന് എല്ലാവരും ഓര്‍ക്കണം, അതുകൊണ്ട് കാനം രാജേന്ദ്രന്‍ പറഞ്ഞതിനോട് വിയോജിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കോടിയേരി വ്യക്തമാക്കി. 

തുടര്‍ന്ന് വായിക്കാം: ക്ലാസിൽ നിന്ന് ഇറക്കിവിട്ടു, സ്കൂളിൽ നിന്ന് പുറത്താക്കിയുമില്ല: ജോസിനെ പരിഹസിച്ച് കാനം...