തിരുവനന്തപുരം: പാലത്തായി കേസിലെ പ്രതിക്ക് ജാമ്യം കിട്ടാനിടയായ സംഭവം ഗവണ്‍മെന്‍റ് ഗൗരവപൂര്‍വ്വം പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് അന്വേഷണ ഘട്ടത്തില്‍ വീഴ്ച ഉണ്ടായോയെന്ന് സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 

സ്വർണ്ണക്കടത്ത് കേസിൽ ഇടത് സർക്കാരിനും സിപിഎമ്മിനും ഒന്നും ഒളിക്കാനില്ലെന്ന് കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടിയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കും. മുഖ്യമന്ത്രിക്കെതിരായ വ്യാജ പ്രചാരണത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കും. ജനങ്ങളും പാർട്ടിയും സർക്കാരിനെ അസ്ഥിരീകരിക്കുന്നതിനുള്ള ശ്രമത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലേക്ക് വരുന്ന സ്വർണ്ണത്തിന്‍റെ നിറം ചുവപ്പാണെന്നാണ് ജെപി നഡ്ഡ പറഞ്ഞത്. എന്നാൽ ഇതല്ലെന്ന് തെളിഞ്ഞു. സ്വർണ്ണത്തിന്‍റെ നിറം കാവിയും പച്ചയുമാണെന്ന് തെളിഞ്ഞു. അറസ്റ്റിലായവരെ നോക്കിയാൽ ഇത് വ്യക്തമാകും. തീവ്രവാദ സംഘടനകളുമായി കൂട്ടുകൂടുന്ന ലീഗിനും കോൺഗ്രസിനും കേസന്വേഷണം അട്ടിമറിക്കാനാണ് ശ്രമം. ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇതിന് വേണ്ടിയാണ്. തെളിവുകളുണ്ടെങ്കിൽ അത് അന്വേഷണ സംഘത്തിന് കൊടുത്താൽ പോരേയെന്നും കോടിയേരി ചോദിച്ചു.