Asianet News MalayalamAsianet News Malayalam

'തെറ്റ് ചെയ്തവര്‍ രക്ഷപെടില്ല, സര്‍ക്കാര്‍ സംരക്ഷിക്കില്ല'; സ്വര്‍ണ്ണക്കടത്ത് കേസില്‍ കോടിയേരി

പാര്‍ട്ടിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ല. കസ്റ്റംസിന്‍റെ അന്വേഷണത്തിലൂടെ എല്ലാ വസ്തുതകളും പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു

kodiyeri balakrishnan response in gold smuggling case
Author
Thiruvananthapuram, First Published Jul 7, 2020, 2:27 PM IST

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരേയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായി നിയമനടപടിക്ക് വിധേയമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റ് ചെയ്തവര്‍ ആരായലും രക്ഷപ്പെടില്ല. സര്‍ക്കാരോ മുന്നണിയോ ആരേയും സംരക്ഷിക്കില്ല. പാര്‍ട്ടിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ല.

കസ്റ്റംസിന്‍റെ അന്വേഷണത്തിലൂടെ എല്ലാ വസ്തുതകളും പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും ഫോണിൽ വിളിച്ചില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണർ പറഞ്ഞിരുന്നു. അന്വേഷണം ഊർജിതമായി തുടരുകയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രതികൾക്കായി ആദ്യം വിളി വന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇതു സംബന്ധിച്ച് ആരോപണം ഉയർത്തിയത്. ഇതിനെതിരെ സിപിഎം നേതാവ് എ എൻ ഷംസീർ പ്രതികരിക്കുകയും ചെയ്തിരുന്നു. 'മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ആദ്യവിളി വന്നതെന്നൊക്കെ ആരോപിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷനാണ്.

അദ്ദേഹം ഉണ്ടയില്ലാ വെടി വെക്കുന്ന ആളാണ്. അദ്ദേഹം ഉന്നയിച്ച ഏതെങ്കിലും ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ ഇന്ന് വരെ തെളിയിക്കപ്പെട്ടിട്ടുണ്ടോ. സുരേന്ദ്രന്റെ ഉണ്ടയില്ലാ വെടിയുടെ പുറകെ പോകേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കില്ല. എനിക്കെന്റെ മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ട്, സർക്കാരിൽ വിശ്വാസമുണ്ട്, പാർട്ടിയിൽ വിശ്വാസമുണ്ടെന്നും ഷംസീർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios