തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമെന്ന് കോടിയേരി  ബാലകൃഷ്ണന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ വോട്ടിന്‍റെ ശതമാനത്തിലാണ് ഇടതുപക്ഷ മുന്നണി പരാജയപ്പെട്ടതെന്നും ശുഭപ്രതീക്ഷയോടെ തന്നെ പാലായില്‍ മത്സരിക്കുമെന്നും കോടിയേരി പറഞ്ഞു. പാലായിലെ സീറ്റില്‍ ആര് മത്സരിക്കുമെന്ന് 28 ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. 

അതേസമയം പാലായില്‍ മാത്രമായി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ദുരുദ്ദേശമാണെന്നും കോടിയേരി പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം  പാലയില്‍ മാത്ര ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മാസം പ്രഖ്യാപിച്ചത് ദുരുദ്ദേശപരമമാണ്.  

മഞ്ചേശ്വരത്തെ എംഎല്‍എയാണ് ആദ്യം മരിച്ചത്. എന്നിട്ടും പാലയിലും മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുക പോലും ചെയ്യുന്നില്ല. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി തോന്നുംപടി പ്രവര്‍ത്തിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും കോടിയേരി  കുറ്റപ്പെടുത്തി.ഗുജറാത്തില്‍ ഒഴിവ് വന്ന രണ്ട് രാജ്യസഭാ സീറ്റുകളും ബിജെപിക്ക് ലഭിക്കുന്നതിന് വേണ്ടി രണ്ടായി തെരഞ്ഞെടുപ്പ് നടത്തി. ഒന്നിച്ച് നടത്തിയിരുന്നെങ്കില്‍ ഒരു സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമായിരുന്നു. ഇത്തരത്തിലുള്ള രാഷ്ട്രീയ കുതന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നതായും കോടിയേരി പറഞ്ഞു.