കോടിയേരിയുടെ ഓർമയ്ക്കായി വീട്ടുമുറ്റത്ത് തയ്യാറാക്കിയ വെങ്കലപ്രതിമ, ഇന്ന് മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും.
കണ്ണൂർ: കോടിയേരിയെന്ന നേതാവിന്‍റെ ശൂന്യതയ്ക്ക് സിപിഎമ്മിൽ വലിപ്പമേറുമ്പോഴാണ് അദ്ദേഹത്തിന്‍റെ ഓർമദിനം എത്തുന്നത്. സഖാവ് ഇല്ലാത്ത പോരായ്മ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് ഒട്ടേറെപ്പേർ ഇപ്പോഴും വിളിക്കുന്നുവെന്ന് പറയുന്നു ഭാര്യ വിനോദിനി ബാലകൃഷ്ണൻ. കോടിയേരിയുടെ ഓർമയ്ക്കായി വീട്ടുമുറ്റത്ത് തയ്യാറാക്കിയ വെങ്കലപ്രതിമ, ഇന്ന് മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും.
കോടിയേരി കടന്നുപോയിട്ട് രണ്ടാണ്ട് കഴിയുന്നു. ആ ചിരി മാത്രം ഇപ്പോഴും മറവിയിലേക്ക് പോയിട്ടില്ല. ഓർമകൾ സമ്പന്നമാക്കുന്ന വീട്ടിൽ ഇത്തവണ നേതാവിന്‍റെ വെങ്കലപ്രതിമയുമുണ്ട്. സ്മരണകൾ എത്ര അടയാളപ്പെടുത്തിയാലും വേദനകൾ. മാഞ്ഞുപോകുന്നില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്. സഖാക്കൾക്കും കോടിയേരില്ലാ കാലം വലിയ ശൂന്യതയാണ്. പ്രതിസന്ധികളുടെ വേലിയേറ്റങ്ങളെ എളുപ്പം തടുത്ത നേതാവില്ലായ്മയാണത്.
കോടിയേരിയുടെ ഫോണിലേക്ക് ഇപ്പോളും വരുന്ന വിളികളെക്കുറിച്ച് പറയുകയാണ് വിനോദിനി ബാലകൃഷ്ണന്‍. ജീവിതവും മരണവും അവസാന യാത്രയും അന്തരീക്ഷത്തിലിന്നുമുണ്ട്. കത്തിത്തീരാത്ത വിവാദങ്ങളിലും. വിനോദിനി അതറിയുന്നില്ല, പറയുന്നില്ല. കോടിയേരിയെ ഇഷ്ടത്തോടെ കണ്ട പുഷ്പന്‍റെ വേർപാടിന് പിന്നാലെയാണ് ഓർമദിനം. തലശ്ശേരിയിൽ അതേ കിടപ്പിൽ സഖാവിനെ കാണാനത്തെിയിരുന്നു പുഷ്പൻ.

