കേന്ദ്ര സർക്കാർ വർധിപ്പിച്ച നികുതി സംസ്ഥാനങ്ങൾ കുറയ്ക്കാനാണ് കേന്ദം പറയുന്നത്. ഇത് സംസ്ഥാന സർക്കാരുകളെ പാപ്പരാക്കി മാറ്റാനുള്ള തന്ത്രമാണ്

കണ്ണൂർ: ഇന്ധന വില വർധനവിൽ കേന്ദ്രസർക്കാരിനെതിരെ നിശിതമായ വിമർശനം ഉന്നയിച്ച് കോടിയേരി ബാലകൃഷ്ണൻ. എണ്ണക്കമ്പനികൾക്ക് വേണ്ടിയാണ് കേന്ദ്രസർക്കാർ വില കൂട്ടുന്നത്. ഇതിന്റെ ഒരു വിഹിതം ബി ജെ പി യുടെ അക്കൗണ്ടിൽ എത്തുന്നു. ബിജെപി രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാർ വർധിപ്പിച്ച നികുതി സംസ്ഥാനങ്ങൾ കുറയ്ക്കാനാണ് കേന്ദം പറയുന്നത്. ഇത് സംസ്ഥാന സർക്കാരുകളെ പാപ്പരാക്കി മാറ്റാനുള്ള തന്ത്രമാണ്. കേരളത്തിൽ കോൺഗ്രസ് ബി ജെ പി യുടെ ബി ടീമായി പ്രവർത്തിക്കുകയാണ്. ബി ജെ പി പറയുന്നത് മാത്രമാണ് കോൺഗ്രസ് കേൾക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

കണ്ണൂരിൽ ഇന്ധന വില വർധനയ്ക്കെതിരെ സിപിഎം പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി സുധാകരനും പാർട്ടിയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് പ്രതിഷേധ പരിപാടിക്ക് ശേഷം മാധ്യമപ്രവർത്തകരോട് കോടിയേരി പറഞ്ഞു. സുധാകരൻ പാർട്ടി കോൺഗ്രസ്സിന് എത്തില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരം പ്രതിനിധിയെ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ അസ്വഭാവികത ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ധന വില വർധനക്കെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസിന് സമയമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ കുറ്റപ്പെടുത്തി. കോൺഗ്രസ് കുറ്റിയുടെ പിന്നാലെയാണ്. സി പി എം പ്രവർത്തകർ പാർട്ടി കോൺഗസിന്റെ പ്രവർത്തനത്തിൽ മുഴുകിയ സമയമാണ്. അതിനിടയിലും ഇന്ധന വില വർധനക്കെതിരെ പ്രതിഷേധിക്കാൻ സി പി എം സമയം കണ്ടെത്തിയെന്നും ഇ പി ജയരാജൻ പറഞ്ഞു.