Asianet News MalayalamAsianet News Malayalam

കോടിയേരിയുടെ സ്ഥാനമൊഴിയൽ: മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം, സമ്മർദ്ദമേറുമെന്ന് കണക്കുകൂട്ടൽ

മകന്റെ കേസിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണൻ മാറിയത് മുഖ്യമന്ത്രിയുടെ രാജിക്കുള്ള ആയുധമാക്കി പ്രതിപക്ഷം.

Kodiyeris resignation Opposition aims to increase pressure on CM
Author
Kerala, First Published Nov 13, 2020, 6:17 PM IST

തിരുവനന്തപുരം: മകന്റെ കേസിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണൻ മാറിയത് മുഖ്യമന്ത്രിയുടെ രാജിക്കുള്ള ആയുധമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രി ഒഴിഞ്ഞില്ലെങ്കിൽ  അപമാനം സഹിച്ച് മാറേണ്ടി വരുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.  കോടിയേരി കാണിച്ച മര്യാദ മുഖ്യമന്ത്രി കാണിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

സ്ഥാനമൊഴിഞ്ഞത് കോടിയേരിയെങ്കിലും  പ്രതികരണങ്ങളിൽ ഉടനീളം പ്രതീപക്ഷം ലക്ഷ്യം വെക്കുന്നത് മുഖ്യമന്ത്രിയെയാണ്.  പ്രതിപക്ഷ നേതാവ്  ചെന്നിത്തലയുടേയും ബിജെപി നേതാക്കളുടെയും പ്രതികരണം അത് വ്യക്തമാക്കുന്നു.തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ കോടിയേരി മാറിനിൽക്കുന്നത് മുഖ്യമന്ത്രിക്ക് മേൽ സമ്മർദം കൂട്ടുമെന്ന് പ്രതിപക്ഷം കണക്കുകൂട്ടുന്നു.  

സ്വർണ്ണക്കടത്ത്, ലൈഫ്  അടക്കം സ്വപ്ന പദ്ധതികളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും, എം ശിവശങ്കറിന്റെ അറസ്റ്റും, മുഖ്യമന്ത്രിയുടെ ഓഫീസിനെ ചൊല്ലിയുയർന്ന വിവാദങ്ങളും ഇടപെടലുകളും കൂടുതൽ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമായി കോടിയേരിയുടെ സ്ഥാനമൊഴിയൽ.  

മുഖ്യമന്ത്രിക്ക് തുടരാനാവാത്ത സ്ഥിതിയെന്നാണ് മുസ്ലിംലീഗ് പ്രതികരണം.  അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കുന്നതടക്കം വരുംദിവസങ്ങളിൽ കൂടുതൽ നടപടികളുണ്ടാകുമെന്നും ഇത് മുഖ്യമന്ത്രിക്ക് കുരുക്കാകുമെന്നും  പ്രതിപക്ഷം പ്രതീക്ഷിക്കുന്നു.  

അന്വേഷണം പുരോഗമിക്കുന്ന കേസുകളിലും സർക്കാരിന്റെ സ്വപ്ന പദ്ധതികളിലും കേന്ദ്ര ഏജൻസികളുടേതടക്കം അന്വേഷണസംഘങ്ങളുടെ വരുംദിവസങ്ങളിലെ നീക്കങ്ങൾ പ്രധാനമാണ്. 

Follow Us:
Download App:
  • android
  • ios