പുഴയില്‍ ചാടി മരിച്ച ആശയുടെ ആത്മഹത്യ കുറിപ്പിന്‍റെ പശ്ചാത്തലത്തിലാണ് റിട്ടയര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീക് കുമാര്‍, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ നടപടി.
കൊച്ചി: പറവൂർ കോട്ടുവള്ളിയിൽ പലിശക്ക് പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്ത് പൊലീസ്. പുഴയില്‍ ചാടി മരിച്ച ആശയുടെ ആത്മഹത്യ കുറിപ്പിന്‍റെ പശ്ചാത്തലത്തിലാണ് റിട്ടയര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീക് കുമാര്‍, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ നടപടി. ആശയും ബിന്ദുവും തമ്മില്‍ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് വീഴ്ച ആരോപിച്ച് ആശയുടെ കുടുംബം രംഗത്തുവന്നു.
രഹസ്യമായി നടത്തിയ സാമ്പത്തിക ഇടപാട്, ചെറിയ തുകയില്‍ തുടങ്ങി, പത്ത് ലക്ഷം രൂപയുടെ കടം. അതിന്‍റെ പലിശ, പലിശക്കുമേല്‍ പലിശ, തര്‍ക്കം ഭീഷണി. ഒടുവില്‍ ഒരാളുടെ ആത്മഹത്യ. വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ നടുക്കുന്ന മരണത്തിന്‍റെ ചുരുളഴിക്കുകയാണ് പൊലീസ്. പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ 46 കാരി ആശ ബെന്നിയെ ഇന്നലെയാണ് കോട്ടുവള്ളി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിട്ടയര്‍ഡ് പൊലീസ് ഡ്രൈവറുടെ ഭാര്യ ബിന്ദുവില്‍ നിന്ന് 2022 മുതല്‍ പലതവണയായി പത്ത് ലക്ഷം രൂപ കടം വാങ്ങിയെന്നും ഇതെല്ലാം തിരിച്ചു നല്‍കിയിട്ടും പലിശയും പലിശക്കുമേല്‍ പലിശയും ചോദിച്ച് കടുത്ത ഭീഷണി നേരിട്ടു ആശയുടെ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നു. പൊലീസ് സ്റ്റേഷനിലും വീട്ടിലും ആശയെ ബിന്ദുവും പ്രതീപ് കുമാറും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ആശയുടെ പോസ്റ്റ് മോര്‍ട്ടത്തിന് പിന്നലെയാണ് ബിന്ദുവിനും പ്രദീപ് കുമാറിനുമെതിരെ കേസെടുത്തത്. ആശക്കും ബിന്ദുവിനും ഇടയിൽ നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടിൽ വൻ ദുരൂഹതയുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. 10 ലക്ഷം രൂപ വരെ ആശ കൈകാര്യം ചെയ്തിട്ടും ഭർത്താവ് പോലും അതറിഞ്ഞിരുന്നില്ല. പണമിടപാടിലെ സത്യം പുറത്തുകൊണ്ടുവരാനായി ബിന്ദുവിന്‍റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കും. കടം വാങ്ങിച്ച തുക ആശ എന്തു ചെയ്തു എന്നതിലും സംശയങ്ങള്‍ നിരവധി.
ഏതെങ്കിലും ദുരൂഹ സാമ്പത്തിക ഇടപാടില്‍ നിക്ഷേപിച്ചോ, മറ്റാര്‍ക്കെങ്കിലും മറച്ച് നല്‍കി കുടുങ്ങിയോ. തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിക്കുന്നുണ്ട്. ബിന്ദുവുനപ്പുറം മറ്റ് ചിലരില്‍ നിന്നും ആശ പണം കടംവാങ്ങിയതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. ബാങ്ക് വഴി നടന്നത് ചുരുങ്ങിയ പണമിടപാട് മാത്രമാണ്. ബാക്കിയെല്ലാം നേരിട്ടായിരുന്നു. വട്ടിപ്പലിശക്ക് പണം നല്‍കുന്നവര്‍ നീരിക്ഷണത്തിലുണ്ടെന്നും ബിന്ദുവും പ്രദീപും അത്തരക്കാരല്ലെന്നും പൊലീസ് പറഞ്ഞു. അതിനിടെയാണ് ആശയുടെ മരണത്തില്‍ പൊലീസ് വീഴ്ച ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നത്. ആശക്ക് നേര പൊലീസ് സ്റ്റേഷനിലടക്കമുണ്ടായ ഭീഷണിയൊന്നും കാര്യമായെടുത്തില്ലെന്നാണ് ആക്ഷേപം
ആശയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനും വീട്ടിലെ പൊതുദര്‍ശനത്തിനും ശേഷം കോട്ടുവള്ളി സെന്‍റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. പിന്നാലെ ബന്ധുക്കളുടെ മൊഴിയെടുത്തുള്ള പൊലീസ് അന്വേഷണവും തുടങ്ങി. 2018ലെ വരാപ്പുഴ ഉരുട്ടിക്കൊലക്കേസുമായി ബന്ധപ്പെട്ടാണ് അന്ന് പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളോട് പോലീസ് ഡ്രൈവറായിരുന്ന പ്രദീപ് കൈക്കൂലി ചോദിച്ചതും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നടപടി നേരിട്ടതും.കേസിനെ തുടർന്ന് പ്രദീപന വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നും കിട്ടിയിട്ടില്ല. എന്തായാലും കേസ് മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും.

