പതിനൊന്ന് മണിയോടെ ആദ്യത്തെ മൃതദേഹം കണ്ടെത്തി. ഒലിച്ചിറങ്ങിയ ആ ഉരുളിലും കെട്ടിപ്പുണർന്ന് കിടക്കുന്ന മൂന്ന് കുട്ടികൾ. ഒലിച്ചിറങ്ങിയ മണ്ണിനടയില്‍ നിന്ന് അവരെ മൂവരെയും എടുത്തപ്പോള്‍ കണ്ണീരണിയാത്തവരായി ആരുമുണ്ടായിരുന്നില്ല. 

ട്ട് പേരുടെ ജീവൻ കവർന്ന കൊക്കയാർ ദുരന്തത്തിന് നാളെ ഒരാണ്ട് തികയുന്നു. 2021 ഒക്ടോബർ 16 ന് രാവിലെ കൊക്കയാർ മാക്കൊച്ചിക്ക് മുകളില്‍ ഉരുണ്ടുകൂടിയ മഴ മേഘങ്ങള്‍ പെയ്തിറങ്ങിപ്പോയപ്പോള്‍, മലകളായ മലകളില്‍ നിന്ന് ഉരുളുകള്‍ പൊട്ടിയൊലിച്ചു. ഉരുളോടൊപ്പം ഒഴുകി രണ്ട് പേര്‍ മരിച്ചപ്പോള്‍ ഉരുള്‍പൊട്ടലില്‍ ആറ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ വേദനയ്ക്ക് ആണ്ടൊന്ന് തികയുകയാണ് നാളെ. അപ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ലഭിക്കാതെ ഇന്നും ബന്ധുവീടുകളിലും വാടക വീടുകളിലും അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ട് ഒരു പിടി കുടുംബങ്ങള്‍ ഇവിടെ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു.

അതിതീവ്രമഴയും പൊട്ടിയൊഴുകിയ മാക്കൊച്ചി മലയും 

അന്ന് രാവിലെ ഏഴരയ്ക്കായിരുന്നു മഴ തുടങ്ങിയത്. തുടങ്ങിയപ്പോള്‍ തന്നെ ശക്തമായ മഴ പെട്ടെന്ന് അതിതീവ്ര മഴയായി മാറി. മൂന്നര മണിക്കൂര്‍ കഴിഞ്ഞ് ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെ മഴ അവസാനിച്ചു. പക്ഷേ, അപ്പോഴേക്കും പെയ്തിറങ്ങിയ വെള്ളം മലയിടുക്കുകളെ തകര്‍ന്ന് പുറക്കേക്ക് കുത്തിയൊലിച്ചിറങ്ങിയിരുന്നു. പുല്ലകയാർ കരകവിഞ്ഞൊഴുകിയതോടെ തീരത്തെ വീടുകളിലെല്ലാം രാത്രിയില്‍ മലവെള്ളം കയറി. റോഡുകൾ തകർന്നു. നിന്നിടത്ത് നിന്ന് സുരക്ഷിതമായൊരിടത്തേക്ക് ആ പട്ടാപകലും സഞ്ചരിക്കാന്‍ പറ്റാതെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ മാർഗ്ഗങ്ങളും അടഞ്ഞ് ഒരു ഗ്രാമം വിറച്ചിരുന്നു.

ഇതിനിടെയാണ് ഗ്രാമമൊട്ടുക്കും മാക്കൊച്ചിയിൽ ഉരുൾ പൊട്ടിയെന്ന വാർത്ത കാട്ടുതീപോലെ പടര്‍ന്നത്. കേട്ടവർ കേട്ടവർ മാക്കൊച്ചി മലയിലേക്കൊടി. ആദ്യമെത്തിയവര്‍ തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആരെയെങ്കിലും കാണുമനോയെന്നന്വേഷിച്ചു. കുറച്ച് പേരെ രക്ഷപ്പെടുത്തി. അന്ന് രാത്രിയോടെ ഫയർ ഫോഴ്സും മറ്റുമെത്തിയെങ്കിലും കുത്തിയൊലിക്കുന്ന മലവെള്ളം കടന്ന് മാക്കൊച്ചിയിലെത്താൻ ആർക്കും കഴിഞ്ഞില്ല. ഒടുവില്‍, മാക്കൊച്ചി മലയ്ക്ക് പുറത്തേക്ക് സംഭവം അറിയുമ്പോഴേക്കും പിറ്റേന്ന് രാവിലെയായിരുന്നു. അടുത്ത ദിവസം രാവിലെയാണ് മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങൾ തുടങ്ങിയത്. 

പതിനൊന്ന് മണിയോടെ ആദ്യത്തെ മൃതദേഹം കണ്ടെത്തി. ഒലിച്ചിറങ്ങിയ ആ ഉരുളിലും കെട്ടിപ്പുണർന്ന് കിടക്കുന്ന മൂന്ന് കുട്ടികൾ. ഒലിച്ചിറങ്ങിയ മണ്ണിനടയില്‍ നിന്ന് അവരെ മൂവരെയും എടുത്തപ്പോള്‍ കണ്ണീരണിയാത്തവരായി ആരുമുണ്ടായിരുന്നില്ല. കല്ലുപുരക്കൽ സിയാദിന്‍റെ ഭാര്യ ഫൗസിയ, മക്കളായ അമീൻ സിയാദ്, അംന സിയാദ്, ഭാര്യാ സഹോദരൻ ഫൈസലിന്‍റെ മക്കളായ അഫ്സര, ആഫിയാൻ എന്നിവരെയാണ് ആദ്യ ദിവസം കിട്ടിയത്. ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ കാഞ്ഞിരപ്പള്ളിയിലെ ഭർത്തൃവീട്ടിൽ നിന്ന് കൊക്കയാറിലെ വീട്ടിലെത്തിയതായിരുന്നു ഫൗസിയയും മക്കളും. ഇവരുടെ വീടിന് മുകളിലുളള വീട്ടിൽ താമസിച്ചിരുന്ന ഷാഹുലിന്‍റെ മകൻ സച്ചുവിനെ രണ്ടാമത്തെ ദിവസമാണ് കണ്ടെത്തിയത്. മലവെള്ളപ്പാച്ചിലിൽ പുല്ലകയാറിലൂടെ ഒഴുകിപ്പോയ ചിറയിൽ ഷാജിയും ചേലപ്കാക്കൽ ആൻസിയെയും കിലോമീറ്ററുകൾ അകലെ നിന്നാണ് കണ്ടെത്തിയത്.

YouTube video player

ഇന്നും ഉരുള്‍ ഭയത്തില്‍ 

ദുരന്തത്തിന് ഒരാണ്ട് തികയുകയാണ്. അപ്പോഴും ഉറ്റവരുടെ ഓര്‍മ്മകളില്‍ ദുരന്തഭൂമിയിൽ കഴിയാൻ പറ്റാത്തതിനാൽ മരിച്ചവരുടെ ഉറ്റവർ ഗ്രാമമുപേക്ഷിച്ച് പോയി. പൊട്ടിയൊഴുകിയ ഉരുളിന് സമീപത്തുള്ള പലരും വാടക വീട്ടിലും ബന്ധു വീടുകളിലുമാണിപ്പോൾ കഴിയുന്നത്. പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് റവന്യൂ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പ്രദേശം വാസയോഗ്യമല്ലെന്ന മുന്നറിയിപ്പിനപ്പുറം, വാസയോഗ്യയ ഭൂമിയെവിടെ എന്ന ഗ്രാമവാസികളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇന്നും പഞ്ചായത്തോ സര്‍ക്കാറോ തയ്യാറായിട്ടില്ല. കൊക്കയാർ പഞ്ചായത്തിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങലില്‍ ഇപ്പോഴും അവശേഷിപ്പിക്കുന്നവരെ ഇനിയും മാറ്റിപ്പാർപ്പിച്ചിട്ടില്ല. സ്വയം വാടക വീടുകളിലേക്ക് മാറിയവര്‍ ജീവിതം കൂട്ടിമുട്ടുക്കാന്‍ കഴിയാതെ വാടക കൊടുക്കാൻ പോലും നിവൃത്തിയില്ലാതെ കഷ്ടപ്പെടുകയാണിപ്പോൾ.

കൊക്കയാർ മാക്കൊച്ചിയിലുണ്ടായ ഉരുൾപൊട്ടലില്‍ എട്ട് പേരുടെ ജീവനാണെടുത്തത്. ഉരുള്‍ ഒഴിഞ്ഞപ്പോള്‍ പ്രദേശത്ത് കേടുപാടില്ലാത്ത വീടുകളില്ലെന്നായി. പ്രദേശത്ത് 30 കുടുംബങ്ങളാണ് ഇപ്പോള്‍ താമസിക്കുന്നത്. എന്നാല്‍ ഇവര്‍ താമസിക്കുന്നിടം സുരക്ഷിതമല്ലെന്നാണ് റവന്യൂ വകുപ്പിന്‍റെ മുന്നറിയിപ്പ്. വീട് തകർന്ന പലരും രണ്ട് മാസത്തോളം ദുരിതാശ്വസ ക്യാമ്പിൽ കഴിഞ്ഞു. ചില‍ർ പിന്നീട്, വാടക വീട്ടിലേക്ക് മാറി. മാക്കൊച്ചിക്ക് പുറമെ വടക്കേമല, മുക്കുളം, ആഴങ്ങാട് എന്നിവിടങ്ങളിലായി 180 കുടുംബങ്ങളാണ് ഉരുള്‍പൊട്ടല്‍ ഭീഷണിയിൽ കഴിയുന്നത്. ദുരന്തം നടന്ന് ഒരു വർഷമാകുമ്പോഴും ഭയം മാത്രമാണിവര്‍ക്ക് കൂട്ടിനുള്ളത്. 

കൂടുതല്‍ വായനയ്ക്ക്: മരണത്തിലും ഒന്നിച്ചുനിന്ന മൂന്ന് കുട്ടികൾ: കൊക്കയാര്‍ ദുരന്തത്തിന് നാളെ ഒരാണ്ട്, പൊലിഞ്ഞത് എട്ട് ജീവനുകൾ

വാടക വീടുകളില്‍ ഗ്രാമവാസികള്‍ 

കൊക്കയാ‍റിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് നാല് കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ ധനസഹായം കൈമാറിയെന്ന് റവന്യൂ വകുപ്പ് അവകാശപ്പെടുന്നു. അതേ സമയം ഭാഗികമായി വീട് തകർന്നവർക്ക് നഷ്ടപരിഹാരം കണക്കാക്കിയതിനെ സംബന്ധിച്ച ഇന്നും പരാതികൾ അവശേഷിക്കുന്നു. കൊക്കയാറിലെ ഉരുൾ പൊട്ടലിലും പ്രളയത്തിലും 774 വീടുകൾ തകർന്നെന്നാണ് റവന്യൂ വകുപ്പിന്‍റെ തന്നെ കണക്ക്. ഇതിൽ 74 പേർക്ക് വീടും സ്ഥലവും 41 പേർക്ക് വീടും നഷ്ടപ്പെട്ടു. വീടും സ്ഥലവും പോയ 74 പേ‍ർക്ക് ആദ്യ ഗഡുവായി 1,01,900 രൂപ നല്‍കി. 60 പേര്‍ക്ക് സ്ഥലം വാങ്ങുന്നതിനായി ആറ് ലക്ഷം രൂപ വീതവും നല്‍കി. 14 പേര്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. വീട് മാത്രം നഷ്ടപ്പെട്ട 41 പേര്‍ക്ക് ആദ്യ ഗഡുവായി 1,01,900 രൂപ നല്‍കി. ഇതില്‍ ഒമ്പത് പേര്‍ക്ക് രണ്ടാം ഗഡു നല്‍കി. വീട് പൂര്‍ത്തിയാക്കിയ 3 പേര്‍ക്ക് മൂന്നാം ഗഡുവും നല്‍കിയെന്ന് റവന്യൂ വകുപ്പിന്‍റെ കണക്കുകള്‍ പറയുന്നു. 

ഭാഗികമായി വീട് തകർന്നവർക്ക് നഷ്ടത്തിന്‍റെ ശതമാനത്തിനനുസരിച്ചുള്ള തുക ഗഡുക്കളായി നൽകിക്കൊണ്ടിരിക്കുകയാണെന്ന് റവന്യൂ വകുപ്പ് പറയുന്നു. എന്നാല്‍, റവന്യൂ വകുപ്പ് പലയിടത്തും നാശത്തിന്‍റെ ശതമാനം കണക്കാക്കിയതിൽ അപാകതയുണ്ടെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ റവന്യൂമന്ത്രി ഇടപെട്ട് ഇക്കാര്യത്തിൽ അദാലത്ത് നടത്തി. എന്നാല്‍, ഇന്നും അർഹമായ ധനഹായം കിട്ടാത്തതിനാൽ വീടുകളുടെ പണി തീർക്കാനാകാതെ വാടക വീടുകളിൽ കഴിയുകയാണ് ഭൂരിഭാഗം വരുന്ന പ്രദേശവാസികള്‍. ദുരന്തത്തിന്‍റെ ആണ്ടെന്ന് തികയുമ്പോള്‍ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതിയും ഒരു ദുരന്തം താങ്ങാനാകാതെ വിറങ്ങലിച്ച് ഒരു നാട് ഉറങ്ങാതെ നേരം വെളുപ്പിക്കുന്നു. 

YouTube video player