Asianet News MalayalamAsianet News Malayalam

കൊല്ലത്തെ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: അച്ഛന്റെ ഫോൺ പിടിച്ചെടുത്തു, ഫ്ലാറ്റിൽ പൊലീസ് പരിശോധന 

കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിലും പൊലീസ് പ്രത്യേക സംഘം പരിശോധന നടത്തി.

kollam 6 year old girl abduction case police seized father rejis phone apn
Author
First Published Nov 30, 2023, 5:15 PM IST

കൊല്ലം: കൊല്ലത്ത് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ കുട്ടിയുടെ അച്ഛന്റെ ഫോൺ പൊലീസ് അന്വേഷണ സംഘം പിടിച്ചെടുത്തു. കുട്ടിയുടെ അച്ഛൻ റെജിയുടെ ഫോണാണ് അന്വേഷണസംഘം കൊണ്ടുപോയത്. കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിലും പൊലീസ് പ്രത്യേക സംഘം പരിശോധന നടത്തി. ഇവിടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് റെജി. നാല് ദിവസമായിട്ടും പ്രതികളുടെ സംഘത്തിലേക്ക് എത്താനാകാതായതോടെ പൊലീസ് എല്ലാവഴിയിലൂടെയും അന്വേഷണം നടത്തുകയാണ്.

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ നാലാം ദിനവും അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടിതോടെ 2014 ന് ശേഷം രജിസ്റ്റർ ചെയ്ത സ്വഫ്റ്റ് ഡിസയർ വാഹനങ്ങളുടെ വിവരങ്ങൾ പൊലീസ് മോട്ടോർ വാഹന വകുപ്പിനോടും കാർ കമ്പനിയോടും തേടിയിട്ടുണ്ട്. റേഞ്ച് ഡിഎജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ ഇന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു. 

നാടിനെ നടുക്കിയ തട്ടിക്കൊണ്ട് പോകൽ നടന്നിട്ട് നാല് ദിവസമായി. ഇതുവരെയും പ്രതികളെ കുറിച്ച് ഒരു സൂചനയുമില്ല. ഇന്നലെ ചാത്തന്നൂരിൽ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങൾക്ക് അപ്പുറം സംഭവ ശേഷമുള്ള  മറ്റൊരു ദൃശ്യവും പൊലീസിന് കിട്ടിയിട്ടില്ല. ദേശീയപാത നിർമാണം നടക്കുന്നതിനാൽ തുടർച്ചയായ ദൃശ്യങ്ങൾ കിട്ടുന്നില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ, പാരിപ്പള്ളിയിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ഓട്ടോയെ പറ്റിയും ഇതുവരെ ഒരു സൂചനയുമില്ല. പൊലീസ് പുറത്തുവിട്ട രേഖാചിത്രങ്ങളുമായി ബന്ധപ്പെട്ടും ഇതുവരെ വിവരമില്ല. 

സംഭവത്തിൽ നാല് ദിവസമായി കുറ്റവാളികൾക്ക് പുറകിലുള്ള പൊലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം അമ്മയുടെ ഫോൺ നമ്പറിലേക്ക് വിളിച്ചിരുന്നു. ഈ നമ്പർ എങ്ങനെ കിട്ടി, പ്രതികൾ പത്ത് ലക്ഷം രൂപ മാത്രം നഷ്ടപരിഹാരമായി ചോദിച്ചത് തുടങ്ങി നിരവധി സംശയം പൊലീസിനുണ്ട്. ഇവയെല്ലാം തീർക്കാൻ എല്ലാ വശവും അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. 

കൊല്ലത്തെ തട്ടിക്കൊണ്ടുപോകൽ കേസ്: കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്ലാറ്റിൽ പൊലീസ് പരിശോധന

കാറിലെത്തിയ നാലംഗ സംഘമാണ് കൊല്ലം ഓയൂരിൽ ഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയത്. നവംബര്‍ 27 നായിരുന്നു സംഭവം. ഉടൻ വിവരമറിഞ്ഞ് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. പാരിപ്പള്ളിയിലെ കടയിൽ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടപ്പോഴാണ് പൊലീസിന് ആദ്യവിവരം ലഭിച്ചത്. ആ നമ്പറും സ്ഥലവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. സിസിടിവികൾ അരിച്ചു പെറുക്കി, തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ചെന്ന് കരുതുന്ന കാറിന്‍റെ നമ്പര്‍ പ്ലേറ്റ് വ്യാജമെന്ന് കണ്ടെത്തിയതോടെ ആ നിലയ്ക്കുളള അന്വേഷണവും വഴിമുട്ടി. ഒരു നാട് മുഴുവൻ കുട്ടിയെ തിരഞ്ഞതിന് പിറ്റേ ദിവസം ആശ്രാമം മൈതാനത്ത് വെച്ചാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കിട്ടി മൂന്ന് ദിവസമായിട്ടും പ്രതികളിലേക്ക് എത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 
 
 

 

Latest Videos
Follow Us:
Download App:
  • android
  • ios