കൊല്ലം: തുറന്ന് അഞ്ച് മാസത്തിനുള്ളിൽ കൊല്ലം ബൈപ്പാസിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് പത്ത് പേരാണ്. 53 പേർക്ക് ഗുരുതരമായി പരിക്കേറ്റു. കാലാനുസൃതമായി മാറ്റങ്ങൾ വരുത്താതെ നാൽപ്പത് വ‌‌ർഷം മുമ്പത്തെ അതേ രൂപരേഖയിൽ റോഡ് നിർമ്മിച്ചതും വേഗ നിയന്ത്രണത്തിനും ഗതാഗത നിയമലംഘനങ്ങൾ തടയാനും സംവിധാനങ്ങളില്ലാത്തതുമാണ് ബൈപ്പാസിനെ അപകടമേഖലയാക്കി മാറ്റിയത്. 

13 കിലോമീറ്റർ നീളമുള്ള കൊല്ലം ബൈപാസിൽ അപകടങ്ങളൊഴിഞ്ഞ ഒരു ദിവസമില്ല. ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ച ദിവസം തന്നെ അപകടമുണ്ടായി. പിന്നീടിങ്ങോട്ട് അമ്പതിലേറെ അപകടങ്ങൾ ബൈപാസിലുണ്ടായി. ഈ മാസം മാത്രം 16 അപകടങ്ങൾ നടന്നു. കാൽനടയാത്രക്കാർ ഉൾപ്പെടെ 4 പേർക്ക് ജീവൻ നഷ്ടമായി. 14 പേർക്ക് പരിക്കേറ്റു. ഫെബ്രുവരി മുതൽ മെയ് വരെ 5 പേരാണ് കൊല്ലം ബൈപ്പാസിൽ നടന്ന വിവിധ വാഹനാപകടങ്ങളിലായി കൊല്ലപ്പെട്ടത്. 39 പേർക്ക് ഗുരുതരമായി പരിക്കേറ്റു. 

അമിതവേഗം നിയന്ത്രിക്കാൻ കൊല്ലം ബൈപ്പാസിൽ സംവിധാനങ്ങളൊന്നുമില്ല. അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ കണ്ടെത്താൻ ക്യാമറകള്‍ പോലുമില്ല. വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് അപകടമുണ്ടാക്കുമ്പോൾ ക്യാമറ വാങ്ങുന്നതിനെക്കുറിച്ചുള്ള സര്‍ക്കാര്‍ ഫയൽ ഇഴഞ്ഞു നീങ്ങുകയാണ്. വേഗ മുന്നറിയിപ്പ് ബോര്‍ഡുകൾ പോലുമില്ല ബൈപ്പാസിൽ. 

10 മീറ്റര്‍ വീതിയിലാണ് ബൈപ്പാസ് നിർമ്മിച്ചിരിക്കന്നത്. രണ്ടു വരി പാത മാത്രം. ഇടയ്ക്ക് മീഡിയനും ഇല്ല. അപകടസൂചന ബോര്‍ഡുകളും ഇത് വരെ സ്ഥാപിച്ചിട്ടില്ല. കാലം മാറിയതിന് അനുസരിച്ചും വാഹനപ്പെരുപ്പം കണക്കിലെടുത്തും രൂപരേഖ മാറ്റാതെയാണ് ബൈപാസ് നിർമ്മിച്ചത്. നാല്‍പതു വര്‍ഷം മുമ്പുണ്ടാക്കിയ അതേ രൂപരേഖയിൽ 350 കോടി ചിലവിട്ടായിരുന്നു നിർമ്മാണം പൂർത്തിയാക്കിയത്. 

അതേസമയം അമിതവേഗം മാത്രമാണ് ഇവിടെ വില്ലനെന്നാണ് ദേശീയ പാത അതോറിറ്റിയുടെയും പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ചെറിയാൻ വര്‍ക്കി കമ്പനിയുടെയും നിലപാട്.