കൊല്ലം: കൊല്ലം ജില്ലയില്‍ ആദ്യ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമായി. പ്രാക്കുളം സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 18 ന്  EK 522 വിമാനത്തിലാണ് ഇയാള്‍ ദുബായില്‍ നിന്നും നാട്ടിലെത്തിയത്.

തിരുവനന്തപുരത്ത് നിന്ന് ബസിനാണ് ഇയാൾ കൊല്ലത്തേക്ക് പോയത്. കൊല്ലത്ത് നിന്നും ഓട്ടോയിലാണ് പ്രാക്കുളത്തുള്ള തന്‍റെ വീട്ടിലേക്ക് ഇയാള്‍ എത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചതിന് പിന്നാലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 25ന് രാത്രി പനിയും അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്ന് സുഹൃത്തിന്‍റെ ബൈക്കില്‍ ഇയാള്‍ അഞ്ചാലുംമ്മൂട്ടിലെ പിഎൻഎൻഎം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

അന്ന് തന്നെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലും ഇയാള്‍ പോയി. സ്ഥലത്തെ ജനപ്രതിനിധികൾ, അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർ എന്നിവർ എത്തിയാണ് ആശുപത്രിയിലേക്ക് അയച്ചത്. അവിടെ നിന്നും പരിശോധനയ്ക്കായി സ്രവം എടുത്ത ശേഷം 26 ന് പുലർച്ചെ 3.30 ഓടെ വീട്ടിലേക്ക് വിടുകയായിരുന്നു. 

പ്രാക്കുളം സ്വദേശിയുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍:

മാര്‍ച്ച് 18ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ദുബായ്- തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. 

നാല് മണിക്ക് വിമാനത്താവളത്തിന് പുറത്തുള്ള തട്ടുകടയിൽ കയറി ചായകുടിച്ചു. 

പുലര്‍ച്ചെ 4.15 തിനും 4.45തിനും ഇടയിൽ വിമാനത്താവളത്തില്‍ നിന്നും ഓട്ടോയില്‍ തമ്പാനൂര്‍ കെഎസ്ആർടിസി ബസ് സ്റ്റാന്റിലേക്ക്

പുലര്‍ച്ചെ 4.45 തിനും 6 തിനും  ഇടയിൽ കെഎസ്ആർടിസി ബസില്‍ കൊല്ലത്തേക്ക് 

6.30 ന് കൊല്ലം കുരിശടി ബസ് സ്റ്റോപ്പിലെത്തി. അവിടെ നിന്നും ഓട്ടോയില്‍ പ്രാക്കുളത്തെ വീട്ടിലേക്ക്.

രാത്രി 11.28ന് സഹോദരന്റെ സ്‌കൂട്ടറില്‍ പിഎന്‍എന്‍ ആശുപത്രിയിലേക്കും തിരിച്ചും യാത്ര. 

19ന് രാവിലെ 8.45ന് ഓട്ടോയില്‍ ദേവി ക്ലിനിക്കില്‍ പരിശോധനയ്ക്കെത്തി.

രാവിലെ 11 മണിക്ക് ക്ലിനിക്കിന് സമീപത്തെ ഹോട്ടലില്‍ നിന്നും ചായകുടിച്ചു.

11.20ന് ഓട്ടോയില്‍ വീട്ടിലേക്ക് 

23ന് രാവിലെ 9.30ന് നേരത്തെ യാത്ര ചെയ്ത് അതേ ഓട്ടോയില്‍ ത്രിക്കുറവ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി. 

25ന് രാത്രി 9.55ന് പി.എന്‍.എന്‍ ആശുപത്രിയില്‍ വീണ്ടുമെത്തി. വിവരം ദിശയില്‍ അറിയിച്ചു. നിരീക്ഷണത്തില്‍ തുടരാനാവശ്യപ്പെട്ട് വീട്ടിലേക്ക് പറഞ്ഞയച്ചു. 

രാത്രി 12.30ന് ആംബലന്‍സില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്നും പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു. നിരീക്ഷണത്തില്‍ തുടരാനാവശ്യപ്പെട്ട് വീട്ടിലേക്ക് പറഞ്ഞയച്ചു. 

27ന് പരിശോധനഫലം വന്നു, കൊവിഡ് പോസിറ്റീവ്. പാരിപ്പള്ളി ആശുപത്രിയില്‍ ചികിത്സയില്‍.