മേയർ സ്ഥാനക്കൈമാറ്റം സംബന്ധിച്ച് സിപിഎം ധാരണ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സിപിഐ അംഗങ്ങളുടെ രാജി

കൊല്ലം: കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐ രാജിവച്ചു. മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ധാരണ സിപിഎം പാലിക്കാത്തതാണ് രാജിക്ക് ഡപ്യൂട്ടി മേയ‍ർ സിപിഐ നേതാവ് കൊല്ലം മധുവിൻ്റെ രാജിക്ക് കാരണം. ഇന്ന് മേയർ സ്ഥാനം പ്രസന്ന ഏണസ്റ്റ് രാജിവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാജിവെക്കാതിരുന്നതോടെയാണ് ഡപ്യൂട്ടി മേയ‍ർ സ്ഥാനം സിപിഐ ഉപേക്ഷിച്ചത്. ഇതോടൊപ്പം രണ്ട് സ്റ്റാൻ്റിങ് കമ്മിറ്റി ചെയ‍ർപേഴ്‌സൺ സ്ഥാനവും സിപിഐ രാജിവെച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സവിത ദേവി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സജീവ് സോമൻ എന്നിവരാണ് മധുവിനൊപ്പം രാജിവെച്ചത്.

സിപിഎം - സിപിഐ മുന്നണി ധാരണ പ്രകാരം കൊല്ലം കോർപ്പറേഷൻ ഭരണത്തിൻ്റെ അവസാന ഒരു വർഷം മേയർ സ്ഥാനം വെച്ചുമാറണം. എന്നാൽ നാല് വർഷം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും സിപിഎം - സിപിഐയ്ക്ക് മേയർ സ്ഥാനം കൈമാറിയില്ല. ഇക്കാര്യത്തിൽ സിപിഐ , സിപിഎം ജില്ലാ നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ഫെബ്രുവരി 5 ന് മേയർ സ്ഥാനം കൈമാറാമെന്ന് ധാരണയായെന്നാണ് സിപിഐ പറയുന്നത്. എന്നാൽ സമയ പരിധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് മേയർ കസേര ഒഴിയാതായതോടെയാണ് സിപിഐ പരസ്യ പ്രതിഷേധത്തിലേക്ക് കടന്നത്.

സിപിഐയുടെ രാജിയിൽ പ്രതികരിക്കാനില്ലന്നായിരുന്നു മേയർ പ്രസന്ന ഏണസ്റ്റിൻ്റെ മറുപടി. ഫെബ്രുവരി 10 ന് സ്ഥാനം ഒഴിയുമെന്ന് പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനങ്ങള്‍ വെച്ചുമാറുന്നത് സംബന്ധിച്ച് പലയിടങ്ങളിലും മുന്നണി ധാരണയുണ്ട്. ഇത് പ്രകാരം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രണ്ടര വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ സിപിഐ സിപിഎമ്മിന് ഒഴിഞ്ഞു കൊടുത്തിരുന്നു.