കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച 15 പേരിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ജയിലിൽ തന്നെ പ്രാഥമിക ചികിത്സാകേന്ദ്രം സജ്ജീകരിക്കും. മറ്റു തടവുകാർക്കും ജീവനക്കാർക്കും ആയി ഇന്ന് പരിശോധന നടത്തും. അതേ സമയം കൊല്ലം കൊട്ടാരക്കര നഗരസഭ സെക്രട്ടറിക്കും കൊവിഡ്സ്ഥിരീകരിച്ചു. നാൽപത്തിരണ്ട് ജീവനക്കാർ നിരീക്ഷണത്തിൽ പോയി. നഗരസഭ ഓഫിസ് നാളെ തുറക്കില്ല. 

അതേ സമയം തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് പൊലീസുകാർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ പൊലീസ് ആസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. തിരുവനന്തപുരം നഗരത്തിലെ ബണ്ട് കോളനിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ബണ്ട് കോളനിയിൽ ഇന്ന് മാത്രം 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബണ്ട് കോളനിയിലെ 55 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.