Asianet News MalayalamAsianet News Malayalam

മന്ത്രി ചർച്ചകളിൽ പ്രതീക്ഷയർപ്പിച്ച് കൊല്ലം; മൂന്നു മന്ത്രിമാരുണ്ടാകുമെന്ന് പ്രതീക്ഷ

പി സി വിഷ്ണുനാഥിനെ പ്രതിപക്ഷ നേതാവാക്കണമെന്ന അണികളുടെ ആവശ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം സമ്മതം മൂളിയാല്‍ കൊല്ലത്തു നിന്നുളള ക്യാബിനറ്റ് പദവിക്കാരുടെ എണ്ണം പിന്നെയും കുടും.

kollam expecting at least three ministers in pinarayi vijayan cabinet
Author
Kollam, First Published May 16, 2021, 3:26 PM IST

കൊല്ലം: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് നടക്കുമ്പോള്‍ ഇക്കുറി കൂടുതല്‍ മന്ത്രിമാരെ പ്രതീക്ഷിക്കുകയാണ് കൊല്ലം ജില്ല. ജില്ലയിൽ നിന്ന് ഇക്കുറി കുറഞ്ഞത് മൂന്നു മന്ത്രിമാരെങ്കിലും ഉണ്ടാകുമെന്നാണ് പ്രാഥമിക ചര്‍ച്ചകളിലൂടെ വ്യക്തമാകുന്നത്. 

ആര്‍ ബാലകൃഷ്ണ പിളളയ്ക്കു ശേഷം കൊട്ടാരക്കരയില്‍ നിന്ന് ഒരു മന്ത്രി ഉണ്ടാകുമെന്ന് കെ എന്‍ ബാലഗോപാല്‍ ജയിച്ചപ്പോഴേ ഉറപ്പിച്ചതാണ് സിപിഎം. ധനകാര്യമോ വിദ്യാഭ്യാസമോ പൊതുമരാമത്തോ പോലെയുളള പ്രധാന വകുപ്പുകളിലൊന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ബാലഗോപാലിന് കിട്ടുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയിലെ അദ്ദേഹത്തിന്‍റെ അടുപ്പക്കാര്‍. 

കൊട്ടാരക്കരയോട് ചേര്‍ന്ന് കിടക്കുന്ന പത്താനപുരവും മന്ത്രി സ്ഥാനം ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ്. 2001ലെ ആന്‍റണി മന്ത്രിസഭയിലും 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും കിട്ടിയതു പോലുളള സുപ്രധാന വകുപ്പുകളേതെങ്കിലുമൊന്ന് രണ്ടാം പിണറായി സര്‍ക്കാരില്‍ കെ ബി ഗണേഷ്കുമാറിന് കിട്ടുമോ എന്നു മാത്രമാണ് കേരള കോണ്‍ഗ്രസ് ബി ഉറ്റുനോക്കുന്നത്. ജില്ലയില്‍ നിന്നുളള മൂന്നാം മന്ത്രിയാരെന്ന കാര്യത്തിലാണ് സസ്പെന്‍സ് തുടരുന്നത്. പത്തനാപുരത്തോട് ചേര്‍ന്നു കിടക്കുന്ന പുനലൂരില്‍ നിന്നു വേണോ അതിനുമപ്പുറം ചടയമംഗലത്തു നിന്നു വേണോ മന്ത്രിയെന്ന കാര്യത്തില്‍ തീരുമാനമറിയാന്‍ പതിനെട്ടാം തീയതിയിലെ സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ കഴിയും വരെ കാക്കണം. 

വനിതാ പ്രാതിനിധ്യവും പാര്‍ട്ടിയിലെ സീനിയോറിറ്റിയുമാണ് പരിഗണിക്കുന്നതെങ്കില്‍ ചടയമംഗലത്തിന്‍റെ പ്രതിനിധി ചിഞ്ചു റാണിയാവും മന്ത്രി. മറിച്ചെങ്കില്‍ പുനലൂരില്‍ നിന്ന് മൂന്നാം തവണ ജയിച്ച പി എസ് സുപാല്‍ സിപിഐ ക്വാട്ടയില്‍ മന്ത്രിയാകും. കൊല്ലം എംഎല്‍എയും ചലച്ചിത്ര താരവുമായ മുകേഷ് മന്ത്രിയാകുമെന്ന പ്രചാരണങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് ശക്തമായിരുന്നെങ്കിലും തിരഞ്ഞെടുപ്പു ഫലം വന്ന ശേഷം നടക്കുന്ന മന്ത്രി ചര്‍ച്ചകളില്‍ എവിടെയും മുകേഷിന്‍റെ പേര് കേള്‍ക്കുന്നില്ല. 

തുടര്‍ച്ചയായി അഞ്ചാം തവണ ജയിച്ച തന്നെയും പരിഗണിക്കണമെന്ന കോവൂര്‍ കുഞ്ഞുമോന്‍റെ ആവശ്യത്തിന് സിപിഎം ഇനിയും ചെവികൊടുത്തിട്ടില്ല. പക്ഷേ ഐഎന്‍എലിനും, ആന്‍റണി രാജുവിനുമൊപ്പം ഹ്രസ്വകാലത്തേക്കെങ്കിലും തനിക്കും മന്ത്രി സ്ഥാനം കിട്ടുമെന്ന പ്രതീക്ഷ കുഞ്ഞുമോനും കൂട്ടര്‍ക്കുമുണ്ട്. അതിനൊപ്പം പി സി വിഷ്ണുനാഥിനെ പ്രതിപക്ഷ നേതാവാക്കണമെന്ന അണികളുടെ ആവശ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം സമ്മതം മൂളിയാല്‍ കൊല്ലത്തു നിന്നുളള ക്യാബിനറ്റ് പദവിക്കാരുടെ എണ്ണം പിന്നെയും കുടും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios