Asianet News MalayalamAsianet News Malayalam

പ്രതികളെ അടൂര്‍ ക്യാമ്പിലെത്തിച്ചത് നീല കാറിലും പൊലീസ് ജീപ്പിലുമായി; ആദ്യ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്

പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അടൂരിലെ ക്യാമ്പിലെത്തിയിട്ടുണ്ട്

 Kollam kidnap case accused were brought to the Adoor camp in a blue car and a police jeep; Footage for Asianet News
Author
First Published Dec 1, 2023, 5:43 PM IST

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളെയും കൊല്ലം അടൂരിലെ കെഎപി ക്യാമ്പിലെത്തിച്ചു. ഇവിടേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ  പുളിയറയില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ വൈകിട്ട് മൂന്നേകാലോടെയാണ് അടൂരിലെ കെഎപി ക്യാമ്പിലെത്തിച്ചത്. കൊല്ലം രജിസ്ട്രേഷനിലുള്ള നീല കാറിലും പൊലീസ് ജീപ്പിലുമായാണ് പ്രതികളെ കൊണ്ടുവന്നത്. പിടിയിലായവരില്‍ കൂടുതല്‍ പേരുണ്ടെന്നും സൂചനയുണ്ട്. തട്ടിക്കൊണ്ടുപോയ കേസില്‍ നീല കാറിലും തന്നെ കൊണ്ടുപോയിരുന്നതായി കുട്ടി നേരത്തെ മൊഴി നല്‍കിയിരുന്നു. പ്രതികളില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നീല കാറാണ് ക്യാമ്പിലേക്ക് കൊണ്ടുവന്നതെന്നാണ് വിവരം.

നീല കാറിലും പൊലീസ് ജീപ്പിലുമായി പ്രതികളെ ക്യാമ്പിലെത്തിച്ചതിന്‍റെ ആദ്യ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനാണ് ലഭിച്ചത്. നീല ഹ്യൂണ്ടായി എലാന്‍ഡ്ര കാറിലാണ് പ്രതികളെ കൊണ്ടുവന്നത്. കാറിന്‍റെ ദൃശ്യങ്ങള്‍ പൊലീസ് കുട്ടിയെ കാണിച്ചു. മൊഴിയില്‍ പറഞ്ഞ കാറ് തന്നെയാണോ ഇതെന്ന് ഉറപ്പാക്കുന്നതിനായാണ് ദൃശ്യങ്ങള്‍ കാണിച്ചത്. തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച വെള്ള സ്വിഫ്റ്റ് കാര്‍ സംബന്ധിച്ച വിവരം ഉള്‍പ്പെടെ ഇനിയും പുറത്തുവരേണ്ടതുണ്ട്.

ക്യാമ്പിലെത്തിച്ച പ്രതികളില്‍നിന്ന് കുറ്റസമ്മത മൊഴി ഉള്‍പ്പെടെ എടുക്കേണ്ടതുണ്ട്. ക്യാമ്പിലെത്തിച്ച പ്രതികളെ പൊലീസ് ഉടന്‍ വിശദമായി ചോദ്യം ചെയ്യും. പൊലീസ് നേരത്തെ തയ്യാറാക്കിയ രേഖാചിത്രങ്ങളുമായി സാമ്യമുള്ളയാളുകളെ തന്നെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെ പ്രതികള്‍ കേരള അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതായാണ് വിവരം. കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലത്തുനിന്നാണ് മൂന്നു പ്രതികളെയും പിടികൂടിയത്. തട്ടിക്കൊണ്ടുപോകല്‍ കേസിലെ മുഖ്യസൂത്രധാരനും പിടിയിലായവരിലുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതിനിടെയാണ് കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളുമായി പൊലീസ് ഉച്ചയോടെ കേരളത്തിലേക്ക് പുറപ്പെട്ടത്.

പിടിയിലായവര്‍ ഒരു കുടുംബത്തിലുള്ളവരെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും മകനുമാണ് തമിഴ്നാട്ടിലെ പുളിയറയില്‍നിന്ന് പിടിയിലായതെന്നാണ് സൂചന. അന്വേഷണ സംഘം ഇവിടെയെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചാത്തന്നൂര്‍ സ്വദേശികളാണ് പിടിയിലായത്. രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്നാണ് പൊലീസ് പറയുന്നത്. 

കേസുമായി നേരിട്ട് ബന്ധമുള്ള 3 പേരാണ് കസ്റ്റഡിയിലായിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലെടുത്തുവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലമാണ് പുളിയറ. കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഇപ്പോള്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തുകൊണ്ട് പൊലീസ് നിര്‍ണായക നീക്കം നടത്തിയിരിക്കുന്നത്. മൂന്നുപേരെ കൂടാതെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവരേണ്ടതുണ്ട്. പിടിയിലായവരുടെ വിവരങ്ങള്‍ വൈകാതെ പൊലീസ് പുറത്തുവിട്ടേക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios