സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് ഈ രീതിയിൽ അംഗീകരിക്കാനാവില്ലെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് റിപ്പോര്‍ട്ടിൽ എടുത്ത് പറയണമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു

തിരുവനന്തപുരം: തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചതിൽ വീഴ്ചവരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് നടപടി വേണമെന്ന് വൈദ്യുതി മന്ത്രി. ആർക്കുമെതിരെ നടപടിക്ക് ശുപാർശയില്ലാതിരുന്ന കെഎസ്ഇബി ചീഫ് സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് തള്ളിയാണ് മന്ത്രിയുടെ ഇടപെടൽ. 

റിപ്പോർട്ടിലെ വീഴ്ച പരിശോധിക്കുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർ ആര് എന്നത് വ്യക്തമാക്കണമായിരുന്നുവെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. കുറ്റക്കാരുടെ പേര് അടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ഇബി ചെയർമാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയതെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. പാലക്കാട് കൊടുമ്പിൽ വയോധികൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ കൃഷ്ണകുട്ടി പറഞ്ഞു.

വൈദ്യുതി ലൈനിന് താഴെ തകര ഷെഡ് നിര്‍മിച്ചതിൽ കെഎസ്ഇബിക്ക് വീഴ്ച ഉണ്ടായെന്ന് സമ്മതിക്കുന്ന റിപ്പോർട്ട് ഉദ്യോഗസ്ഥരെ സംരക്ഷിച്ചുകൊണ്ടായിരുന്നു. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തക്ക് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. മിഥുന്‍റെ ദാരുണ മരണത്തിലെ വീഴ്ചയിൽ ആരെയും തൊടാതെയായിരുന്നു കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട്. മിഥുന്‍റെ ക്ലാസ് മുറിക്ക് മുകളിൽ വർഷങ്ങളായി അപകടരമായരീതിയിൽ വൈദ്യുതി ലൈന്‍ പോയിട്ടും ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു റിപ്പോർട്ട്.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

എട്ട് കൊല്ലം മുമ്പാണ് നിലവിലുള്ള ലൈനിന് താഴെ സൈക്കിൽ പാർക്ക് ചെയ്യാൻ തകര ഷെഡ് നിര്‍മിച്ചത്. വൈദ്യുതി ലൈനിന് താഴെ എന്ത് തരത്തിലുള്ള നിര്‍മാണത്തിനും കെഎസ്ഇബിയുടെ മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍, സ്കൂള്‍ മാനേജ്മെന്‍റ് അനുമതി തേടിയിരുന്നില്ല. തറനിരപ്പിൽ നിന്നും തകര ഷീറ്റിൽ നിന്നും ലൈനിലേക്ക് സുരക്ഷിത അകലം ഇല്ലെന്നത് വ്യക്തമാണ്. 

പിന്നീട് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോള്‍ നടപടി എടുക്കുന്നതില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു. സ്കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കി അന്ന് തന്നെ പ്രശ്നം പരിഹരിക്കണമായിരന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. ഇക്കാര്യത്തിൽ നിലവിലുള്ള അസിസ്റ്റന്‍റ് എന്ജിനിയരെ കുറ്റപ്പെടുത്താന് കഴിയില്ലെന്നുമാണ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്.

ഷെഡ് പണിതത് ഇപ്പോഴത്തെ അസിസ്റ്റന്‍റ് എന്‍ജിനീയറുടെ കാലത്തല്ലെന്നാണ് വാദം. എന്നാൽ, വീഴ്ച വീഴ്ചയായി തന്നെ കാണണമെന്നാണ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിലപാട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് നടപടിയെടുക്കണമെനന് മന്ത്രി കെഎസ്ഇബി ചെയർമാന് നിർദ്ദേശം നൽകി. അപകടത്തിന് രണ്ട് ദിവസം മുമ്പ് അവിടെ പോസ്റ്റ് സ്ഥാപിക്കാമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്കൂള്‍ മാനോജരോട് നിര്‍ദ്ദേശിച്ചതാണ്. ഷെഡിന്‍റെ ഒരു ഭാഗം പൊളിച്ച് പോസ്റ്റിട്ട് ലൈൻ ഉയര്‍ത്താമെന്നായിരുന്നു നിര്‍ദേശം. എന്നാൽ, മാനേജ്മെന്‍റ് കമ്മിറ്റി ചേര്‍ന്നശേഷം അറിയിക്കാമെന്നായിരുന്നു മാനേജരുടെ പ്രതികരണം. സാങ്കേതിക വാദം ഉയർത്തിയ കെഎസ്ഇബി മിഥുനന്‍റെ സംസ്ക്കാരത്തിന് രാത്രി തന്നെ ലൈനുകൾ മാറ്റിയിരുന്നു.

YouTube video player