കസ്റ്റഡിയില്‍ അതിക്രൂരമായ മര്‍ദനത്തിനും അനില്‍ ഇരയായി. പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും തന്നെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നിയമപോരാട്ടം തുടരുകയാണ് അനില്‍.
കൊല്ലം: വ്യാജ വാറ്റ് കേന്ദ്രങ്ങളെക്കുറിച്ച് പൊലീസിന് വിവരം നൽകിയതിന്റെയും റെയ്ഡ് ചെയ്യിപ്പിച്ചതിന്‍റെയും പേരിൽ 18 വർഷം മുമ്പാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ അനില്‍കുമാറിനെ എക്സൈസുകാര്‍ കളളച്ചാരായ കേസില്‍ കുടുക്കിയത്. കസ്റ്റഡിയില്‍ അതിക്രൂരമായ മര്‍ദനത്തിനും അനില്‍ ഇരയായി. പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും തന്നെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നിയമപോരാട്ടം തുടരുകയാണ് അനില്‍.
വര്‍ഷം പതിനെട്ട് പിന്നിട്ടെങ്കിലും താന്‍ നേരിട്ട നഗ്നമായ മനുഷ്യാവകാശ ലംഘനത്തെ പറ്റി പറയുമ്പോള്‍ അനില്‍കുമാറിന്‍റെ കണ്ണുകളിലിന്നും രോഷം തിളയ്ക്കും. വനം വകുപ്പിന്‍റെ കരാര്‍ ജോലികള്‍ ഏറ്റെടുത്തു ചെയ്തിരുന്ന അനില്‍ നാട്ടിലെ വ്യാജവാറ്റ് കേന്ദ്രങ്ങള്‍ക്കെതിരെ പൊലീസില്‍ നല്‍കിയ പരാതിയാണ് അഞ്ചല്‍ എക്സൈസ് ഓഫിസിലെ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരില്‍ ചിലരുടെ ഒത്താശയോടെ വ്യാജവാറ്റ് നടന്നിരുന്ന കേന്ദ്രങ്ങള്‍ പൊലീസ് റെയ്ഡ് ചെയ്ത് ദിവസങ്ങള്‍ക്കകം അനിലിനെ എക്സൈസുകാര്‍ കുടുക്കി. അനില്‍ എവിടെയോ നിന്ന് കോട കലക്കുന്നത് കണ്ടുവെന്നായിരുന്നു എക്സൈസിന്‍റെ കേസ്. 55 ദിവസം ജയിലിലിട്ടു. ജയിലിലേക്ക് കൊണ്ടുപോകും മുമ്പ് തല്ലിചതക്കുകയും ചെയ്തു.
2004 മുതല്‍ നീണ്ട പതിനെട്ടു വര്‍ഷം നിയമപോരാട്ടം നടത്തിയ അനിലിന് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് കഴിഞ്ഞയാഴ്ച വന്നു. അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.മോഹനന്‍,പ്രിവന്‍റീവ് ഓഫിസര്‍ മുഹമ്മദ് റഷീദ്,ഗാര്‍ഡുമാരായിരുന്ന എ.അന്‍സാര്‍,ബിജു കുമാര്‍ എന്നീ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് അനിലിനെ കളളക്കേസില്‍ കുടുക്കി തല്ലിച്ചതച്ച് ജയിലിലടച്ചത്. തന്നോട് അനീതി കാട്ടിയ ഉദ്യോഗസ്ഥരെയെല്ലാം അഴിക്കകത്താകും വരെ നിയമപോരാട്ടം തുടരാനുളള അനിലിന്‍റെ തീരുമാനം. ഇനിയൊരാളെയും കളളക്കേസില്‍ കുടുക്കാനുളള ധൈര്യം ഇനി ഒരു ഉദ്യോഗസ്ഥനും ഉണ്ടാകരുത് എന്നുറപ്പിക്കാന്‍ കൂടിയാണ് അനിലിന്റെ പേരാട്ടം.

