കൊല്ലം: കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡില്ല. പുത്തൂർ സ്വദേശിയായ മനോജിനാണ് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇയാളുടെ അന്തിമ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ നടത്തിയ ട്രൂ നാറ്റ് പരിശോധനയിൽ ഇയാൾക്ക് പൊസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഇന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നെത്തിയ മനോജ് സുഹൃത്തിനൊപ്പം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 

അതേസമയം സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് പനി ബാധിച്ച് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ മരിച്ച മോഗ്രാല്‍  സ്വദേശി അബ്ദുള്‍ റഹ്‍മാനാണ് കൊവിഡ് സ്ഥിരികരിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ ആദ്യ കൊവിഡ് മരണമാണിത്. ട്രൂനാറ്റ് ടെസ്റ്റില്‍ പോസിറ്റിവായതിനെ തുടര്‍ന്ന് നടത്തിയ പിസിആര്‍ ടെസ്റ്റിന് ശേഷമാണ് കൊവിഡ് ഉറപ്പാക്കിയത്. സംസ്‍കാരം കമ്പാര്‍ പറപ്പാടി ഖബര്‍ സ്ഥാനില്‍ നടന്നു. 

കര്‍ണാടക ഹൂബ്ലിയില്‍ വ്യാപാരിയായ അബ്ദുള്‍ റഹ്‍മാന് അവിടെ നിന്നും രോഗം ബാധിച്ചിരിക്കാമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം. സമ്പര്‍ക്കം പുലര്‍ത്തിയ നാല് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും രണ്ടു ബന്ധുക്കളും നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസമാണ് അബ്‍ദുള്‍ റഹ്‍മാന്‍ ആംബുലൻസ് വഴി അതിര്‍ത്തിയായ തലപ്പാടിയിലെത്തിയത്. അവിടെ നിന്നും ടാക്സിയിൽ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പനി കൂടുതലാണെന്ന് മാത്രമാണ് ആശുപത്രിയിൽ അറിയിച്ചിരുന്നത്. മരണം സംഭവിച്ചതോടെ ഡോക്ടര്‍മാര്‍ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ബന്ധുക്കളടക്കമുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.