കൊല്ലം: കൊവിഡ് നിരീക്ഷണം ലംഘിച്ച് മുങ്ങിയ കൊല്ലം മുൻ സബ് കളക്ടർ അനുപം മിശ്രയുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ.
നിരീക്ഷണത്തിൽ കഴിയാനുള്ള നിർദ്ദേശം പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

ഐസൊലേഷൻ നിർദ്ദേശം ലംഘിച്ചതിന് അനുപം മിശ്രക്കെതിരെ നേരത്തെ കേസെടുക്കുകയും സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. കൊല്ലം വെസ്റ്റ് പൊലീസാണ് അനുപം മിശ്രക്കെതിരെ കേസെടുത്തത്. സബ് കളക്ടറുടെ ഗുരുതര അച്ചടക്ക ലംഘനത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് അനുപം മിശ്രയെ സസ്പെന്റ് ചെയ്തത്. അതേസമയം, വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാൻ പറഞ്ഞപ്പോൾ സ്വന്തം വീട്ടിൽ പോകാൻ പറഞ്ഞതാണെന്നു കരുതിയാണ് താൻ കേരളം വിട്ടതെന്നായിരുന്നു അനുപം മിശ്ര നൽകിയ വിശദീകരണം.

വിവാഹശേഷം മധുവിധു ആഘോഷിക്കാൻ സിംഗപ്പൂരിലും മലേഷ്യയിലും പോയി കൊല്ലത്ത് തിരികെ വന്ന സബ് കളക്ടര്‍ അനുപം മിശ്രയോട് നിരീക്ഷണത്തില്‍ പോകാൻ കളക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. തേവള്ളിയിലെ ഔദ്യോഗിക വസതിയില്‍ 19-ാം തിയതി മുതല്‍ നിരീക്ഷണത്തില്‍ ഇരിക്കേണ്ട അനുപം മിശ്ര ഇതിനിടെ മുങ്ങി. വീട്ടില്‍ രാത്രിയില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് സമീപ വാസികള്‍ അറിയിച്ചതനുസരിച്ച്, ഇന്നലെ ആരോഗ്യ പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് അനുപം മിശ്ര മുങ്ങിയതറിയുന്നത്. തുടര്‍ന്ന് ഔദ്യോഗിക നമ്പറില്‍ ബന്ധപ്പെട്ടപ്പോൾ താൻ ബംഗളൂരുവില്‍ ആണെന്നായിരുന്നു മറുപടി.