കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ കരുത്തിൽ വർഷങ്ങളോളം യുഡിഎഫിന്റെ കോട്ടയായിരുന്ന കോന്നി, 2019-ലെ ഉപതിരഞ്ഞെടുപ്പിൽ കെയു ജനീഷ് കുമാറിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തു. ഇത്തവണയും ജനീഷ് കുമാറിനെ എൽഡിഎഫ് രംഗത്തിറക്കുമ്പോൾ, നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാൻ സതീഷ് കൊച്ചുപറമ്പിലിനെയാണ് യുഡിഎഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്.
ക്ഷേമപദ്ധതികളുടെ ലഭ്യതയുടെയും ഭരണാധികാരികളുടെ ഇടപെടലിലൂടെയും രാഷ്ട്രീയ ചായ്‌വ് രൂപപ്പെടുന്ന നിയമസഭാ മണ്ഡലമാണ് പത്തനംതിട്ട ജില്ലയിലെ കോന്നി. സിപിഎമ്മിന്റെ സംഘടനാ സംവിധാനവും ക്ഷേമപദ്ധതികൾ താഴെത്തട്ടിൽ എത്തിക്കാനുള്ള കഴിവും മണ്ഡലത്തിൽ അവർക്ക് കരുത്തേകുന്നുണ്ട്. മധ്യതിരുവിതാംകൂറിൽ നിന്നുള്ള ഹിന്ദു കുടിയേറ്റ വിഭാഗങ്ങൾ, ശക്തമായ എസ്എൻഡിപി സ്വാധീനമുള്ള ഈഴവ സമുദായം, കൃഷിയും വ്യാപാരവും ചെയ്തുവരുന്ന ക്രൈസ്തവ കുടുംബങ്ങൾ എന്നിവരാണ് കോന്നിയിലെ പ്രധാന വോട്ടർമാർ.
മണ്ഡലത്തിൻ്റെ ചരിത്രം
കോൺഗ്രസ് മുൻനിര നേതാവ് അടൂർ പ്രകാശിന്റെ കരുത്തിൽ വർഷങ്ങളോളം യുഡിഎഫിനൊപ്പം ഉറച്ചുനിന്ന മണ്ഡലമായിരുന്നു കോന്നി. എന്നാൽ, 2019-ൽ അടൂർ പ്രകാശ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കെ.യു. ജനീഷ് കുമാറിലൂടെ ഇടതുപക്ഷം മണ്ഡലം പിടിച്ചെടുത്തു. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടത്തിൽ ഇത്തവണയും എൽഡിഎഫ് ജനീഷ് കുമാറിനെ തന്നെയാണ് കളത്തിലിറക്കുന്നത്. മണ്ഡലത്തിലെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഹാട്രിക് വിജയമാണ് ജനീഷ് കുമാർ ലക്ഷ്യമിടുന്നത്.
അടൂർ പ്രകാശ് വീണ്ടും ജനവിധി തേടാൻ കോന്നിയിലേക്ക് മടങ്ങിയെത്തുമെന്ന ചർച്ചകൾ സജീവമായിരുന്നെങ്കിലും, ഒടുവിൽ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. നഷ്ടപ്പെട്ട കോട്ട തിരിച്ചുപിടിക്കുക എന്ന വലിയ വെല്ലുവിളിയാണ് യുഡിഎഫ് ക്യാമ്പിന് മുന്നിലുള്ളത്. ടിപി സുന്ദരേശനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് എൻഡിഎയും സജീവമായതോടെ കോന്നിയിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.
1967ലെ തെരഞ്ഞെടുപ്പിൽ സിപിഐയുടെ സിആർ മാധവൻ പിള്ളയായിരുന്നു മണ്ഡലത്തിൽ വിജയിച്ചിരുന്നത്. 1970ൽ കോൺഗ്രസിന്റെ പിജെ തോമസ് സിപിഐയിൽ നിന്നും പിടിച്ചെടുത്തു. 1977ലും പിജെ തോമസ് മണ്ഡലം നിലനിർത്തി. 1980ൽ സിപിഎമ്മിൻ്റെ വിഎസ് ചന്ദ്രശേഖരൻ പിള്ള കോൺഗ്രസിൽനിന്നും പിടിച്ചെടുത്തു. 1980ലും വിഎസ് ചന്ദ്രശേഖരൻ പിള്ള മണ്ഡലം നിലനിർത്തി. 1987ൽ സ്വതന്ത്ര സ്ഥാനാർഥി ചിറ്റൂർ ശശാങ്കൻ നായരായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. 1991ൽ സിപിഎമ്മിൻ്റെ എ പത്മകുമാർ വിജയിച്ചു. 1996ൽ അടൂർ പ്രകാശ് മണ്ഡലം പിടിച്ചെടുത്തു. തുടർന്ന് 2016 വരെ അടുർ പ്രകാശ് ആയിരുന്നു കോന്നി നിയമസഭ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. അടൂർ പ്രകാശ് ലോക്സഭയിൽ മത്സരിച്ച് വിജയിച്ചതിനു പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെയു ജനീഷ് കുമാർ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.
2019ലെ ഉപതെരഞ്ഞെടുപ്പിൽ 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെയു ജനീഷ് കുമാർ വിജയിച്ചത്. കോൺഗ്രസിൻ്റെ പി മോഹൻരാജിനെയായകുമാർ തോൽപ്പിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ വീണ്ടും ജനീഷ് കുമാർറോബി തന്നെ വിജയിച്ചു. 8508 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് റോബിൻ പീറ്ററെ പരാജയപ്പെടുത്തിയത്.
സ്ഥാനാർഥികൾ
കെയു ജനീഷ് കുമാർ തന്നെയാണ് ഇപ്രാവശ്യവും എൽഡിഎഫ് സ്ഥാനാർഥി. അഞ്ച് വർഷം കൊണ്ട് 3000 കോടി രൂപയുടെ വികസനം നടപ്പിലാക്കിയെന്നാണ് ജനീഷ് കുമാർ അവകാശപ്പെടുന്നത്. കോന്നി നിയോജക മണ്ഡലത്തിലും കേരളത്തിലും സിപിഎം നടത്തിയ വികസന പ്രവർത്തനങ്ങൾ പറഞ്ഞാണ് ജനീഷ് കുമാർ വോട്ട് തേടി ജനങ്ങൾക്കിടയിൽ എത്തുന്നത്. പ്രോഫ. സതീഷ് കൊച്ചുപറമ്പിൽ ആണ് യുഡിഎഫ് സ്ഥാനാർഥി. ഡിസിസി പ്രസിഡന്റാണ് സതീഷ് കൊച്ചുപറമ്പിൽ. ബിഡിജെഎസ് ജില്ലാ ട്രഷറർ ടിപി സുന്ദരേശനാണ് എൻഡിഎ സ്ഥാനാർഥി.


