ഒരുകാലത്ത് യുഡിഎഫിന്റെ ഉരുക്കുകോട്ടയായിരുന്ന കോന്നിയിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. വികസനവും വിവാദങ്ങളും ഒരുപോലെ ചർച്ചയാകുന്ന കോന്നിയിലെ പോരാട്ടം ആവേശകരമാകും.

പത്തനംതിട്ട: 1996 മുതൽ 2019 വരെ കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന മണ്ഡലം. തുടർച്ചയായി അഞ്ച് തവണ അടൂർ പ്രകാശ് ജയിച്ചുകയറിയ മണ്ഡലം. 2019-ലെ ഉപതിരഞ്ഞെടുപ്പോടെ മാറ്റത്തിന്റെ കാറ്റ് വീശിയ മണ്ഡലം. പറഞ്ഞുവരുന്നത് പത്തനംതിട്ട ജില്ലയിലെ കോന്നി നിയമസഭ മണ്ഡലത്തെ കുറിച്ചാണ്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ കോന്നിയിൽ ശക്തമായ ഒരു ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. നിലവിലെ എം.എൽ.എ കെ.യു. ജനീഷ് കുമാർ ഇടതുമുന്നണിക്കായി വീണ്ടും ജനവിധി തേടാനിറങ്ങുകയാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫും കരുത്തുറ്റ പോരാട്ടത്തിന് എൻഡിഎയും കച്ചമുറുക്കുമ്പോൾ ആവേശകരമായ മത്സരം തന്നെയായിരിക്കും കോന്നിയിൽ നടക്കുക.

1996 മുതൽ തുടർച്ചയായി അഞ്ച് തവണ അടൂർ പ്രകാശ് കോന്നി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2016-ൽ അദ്ദേഹം തന്റെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (20,748) നേടിയിരുന്നു. എന്നാൽ, 23 വർഷത്തെ യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് 2019-ലെ ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായ കെ.യു. ജനീഷ് കുമാർ വിജയിച്ചത്. ഇത് മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വലിയൊരു മാറ്റമായിരുന്നു അത്.

നിലവിലെ എംഎൽഎയുടെ വികസന പ്രവർത്തനങ്ങളും 'കൈത്താങ്ങ്' പോലെയുള്ള ജനകീയ പദ്ധതികളും ഉയർത്തിപ്പിടിച്ചാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം. 2019-ലെ ഉപതിരഞ്ഞെടുപ്പിലും 2021-ലും വിജയിച്ച ജനീഷ് കുമാർ ഹാട്രിക് വിജയമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. അതേസമയം, പത്തനംതിട്ട ഡിസിസി പ്രസിഡന്റായ സതീഷ് കൊച്ചുപറമ്പിലിനെയാണ് കോൺഗ്രസ് ഔദ്യോഗികമായി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. അടൂർ പ്രകാശ് എം.പി ഈ സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തെത്തുടർന്നാണ് സതീഷ് കൊച്ചുപറമ്പിലിന് നറുക്കുവീണത്.

എൻഡിഎയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് കോന്നി. ബിഡിജെഎസ് സ്ഥാനാർത്ഥിയായ ടി.പി സുന്ദരേശനെയാണ് കളത്തിലിറക്കുന്നത്. മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രൻ മത്സരിച്ച് വോട്ട് വിഹിതം വർദ്ധിപ്പിച്ച മണ്ഡലമായതിനാൽ എൻഡിഎ ഇത്തവണയും വലിയ പ്രതീക്ഷയിലാണ്. 2019-ൽ 39,786 വോട്ടുകൾ (28.65%) നേടി ബിജെപി നില മെച്ചപ്പെടുത്തി. 2021-ൽ സുരേന്ദ്രൻ 32,811 വോട്ടുകൾ നേടുകയും ചെയ്തിരുന്നു. പത്തനംതിട്ട ജില്ലയിലെ പ്രധാന വിഷയമായ ശബരിമലയുമായി ബന്ധപ്പെട്ട വികാരം കോന്നിയിലെ വോട്ടർമാരെ സാധാരണയായി സ്വാധീനിക്കാറുണ്ട്. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ എൻഡിഎ പ്രധാന ആയുധമാക്കുന്നുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആറര വര്‍ഷത്തിനിടയിൽ മണ്ഡലത്തിന്റെ മുഖം മാറ്റുന്ന നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് എംഎൽഎയായ ജനീഷ് കുമാര്‍. ജനങ്ങളോടൊപ്പം നിൽക്കുമ്പോൾ ഉണ്ടാകുന്ന ചില ഇടപെടലുകൾ മാത്രമാണ് വിവാദമായിട്ടുള്ളതെന്നും അഴിമതിയോ അനാശാസ്യമോ ആയി ബന്ധപ്പെട്ട ഒരു വിവാദത്തിലും താൻ പെട്ടിട്ടില്ലെന്നും ജനീഷ് കുമാര്‍ പറയുന്നു. ശബരിമല സ്വര്‍ണക്കൊള്ള വിവാദം ഒരിക്കലും തന്നെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ജനീഷ് കുമാര്‍. ശബരിമല സജീവ ചര്‍ച്ചയായിരുന്ന 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ജനങ്ങൾ തന്നെ തെരഞ്ഞെടുത്തതെന്നും എല്ലാം കോന്നിയിലെ ജനങ്ങൾക്ക് അറിയാമെന്നും ജനീഷ് കുമാര്‍ പറഞ്ഞു. ശബരിമല വിവാദം തനിയ്ക്ക് ഒരിക്കലും ദോഷം ചെയ്യില്ലെന്നും ഗുണം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നുമാണ് എംഎൽഎ പറയുന്നത്.