Asianet News MalayalamAsianet News Malayalam

കോന്നി മെഡിക്കല്‍ കോളേജില്‍ അടുത്ത മാസം കിടത്തി ചികിത്സ തുടങ്ങും; നിർമാണത്തിന് 218 കോടി രൂപ അനുവദിച്ചു

ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മെഡിക്കല്‍ കോളേജിലെ രണ്ടാം ഘട്ട നിർമാണത്തിന് 218 കോടി രൂപ അനുവദിച്ചു.

konni medical college Inpatient treatment will started next month
Author
Thiruvananthapuram, First Published Jan 5, 2021, 7:38 PM IST

തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സ ഉടന്‍ ആരംഭിക്കും. ഫെബ്രുവരിയിൽ കിടത്തി ചികിത്സ തുടങ്ങാനാണ് തീരുമാനം. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മെഡിക്കല്‍ കോളേജിലെ രണ്ടാം ഘട്ട നിർമാണത്തിന് 218 കോടി രൂപ അനുവദിച്ചു.

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒ.പി. വിഭാഗത്തിന്‍റെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ 241.01 കോടി രൂപ അനുവദിച്ചിരുന്നു. കിഫ്ബി ധനസഹായത്തോടെ വിപുലമായ അടിസ്ഥാന സൗകര്യ വികസനമാണ് കോന്നി മെഡിക്കല്‍ കോളേജില്‍ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും രണ്ടാം ഘട്ടത്തിനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും കൂടിയാണ് തുകയനുവദിച്ചത്. 

മൊത്തത്തില്‍ 5,72,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ സാധ്യമാകുന്നത്. 200 കിടക്കകളാണ് ഇതിലൂടെ അധികമായി ലഭിക്കുന്നത്. ഇതോടെ ആകെ 500 കിടക്കകളുള്ള സൗകര്യം മെഡിക്കല്‍ കോളേജില്‍ ലഭ്യമാകും. ആദ്യഘട്ടത്തില്‍ 5,29,392 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള ആശുപത്രി ബ്ലോക്കിന്‍റേയും അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്‍റേയും നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി 130 കോടി രൂപയാണ് അനുവദിച്ചിരുന്നത്. മറ്റ് മെഡിക്കല്‍ കോളേജുകളെപ്പോലെ കോന്നി മെഡിക്കല്‍ കോളേജിലും വിപുലമായ സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Follow Us:
Download App:
  • android
  • ios