കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് കൂടുതൽ വ്യാജരേഖകൾ ചമച്ചെന്ന വിവരങ്ങള്‍ പുറത്ത്. താമരശ്ശേരി രൂപത മുൻ വികാരി ജനറാളിന്റെ വ്യാജ കത്ത് ജോളി തയ്യാറാക്കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോടഞ്ചേരിയിലെ ഷാജുവിനെ ജോളി രണ്ടാം വിവാഹം കഴിച്ച ശേഷം കൂടത്തായി ഇടവകയിൽ പേര് നിലനിർത്താനായിരുന്നു ശ്രമം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജോളിയെ കൂടത്തായി ഇടവകയിൽ അംഗമാക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു വ്യാജ കത്തിലെ ഉള്ളടക്കം.

ഷാജുവിനെ പുനർവിവാഹം ചെയ്തതോ‌ടെ കൂടത്തായി ഇടവകയിൽ നിന്ന് കോടഞ്ചേരിയിലേക്ക് ജോളിയുടെ ഇടവക മാറിയിരുന്നു. എന്നാൽ, കൂടത്തായി ഇടവകയിൽ തുടര്‍ന്നുകൊണ്ട് ടോം തോമസിന്‍റെ പേരിലുള്ള കൂടത്തായിയിലെ നാൽപത്‌ സെന്‍റോളം ഭൂമിയും വീടും തട്ടിയെടുക്കുകയായിരുന്നു ജോളിയുടെ ലക്ഷ്യം. രണ്ടാം ഭർത്താവായ ഷാജുവിന്‍റെ വീട് സ്ഥിതി ചെയ്യുന്ന കോടഞ്ചേരി ഇടവകയിൽ താമസിച്ചാൽ ലക്ഷ്യം നടപ്പാകില്ലെന്ന് മനസിലാക്കിയ ജോളി കൂടത്തായിയിലെ ആദ്യ ഭർത്താവ് റോയ് തോമസിന്‍റെ വീട്ടിലേക്ക് താമസം മാറ്റി. റോയിയുമായുള്ള ബന്ധത്തിലുണ്ടായ രണ്ട് ആൺമക്കളെ പോറ്റാനെന്ന ഭാവേനയാണ് യാതൊരു അവകാശവുമില്ലാത്ത കൂടത്തായിയിലെ വീട്ടിൽ ജോളി താമസമാക്കിയത്.

കൂടത്തായിയിൽ താമസിച്ചാലും രൂപതാ നിയമമനുസരിച്ച് പുതിയ ഭർത്താവിന്‍റെ ഇടവകയിലേ ജോളിക്ക് അംഗമാകാനാകൂ. ഇക്കാരണത്താലാണ് താമരശേരി വികാരി ജനറാളിന്‍റെ വ്യാജ ലെറ്റർപാഡിൽ കത്ത് നിർമിച്ചത്. കത്തിൽ ഒപ്പ് ഇല്ലാത്തതും, കൈയക്ഷരത്തിലെ വ്യത്യാസവുമാണ് കൂടത്തായി ഇടവക വികാരിക്ക് സംശയമുണ്ടാക്കിയത്. ജോളിയെകുറിച്ച് മുൻപേ ചില സംശയങ്ങളുണ്ടായിരുന്ന ഇടവക വികാരി പിന്നീട് വികാരി ജനറാളിനെ കണ്ടപ്പോൾ കത്തിനെക്കുറിച്ച് അന്വേഷിച്ചു. ഇതോടെയാണ് കത്ത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ഒസ്യത്തും എൻഐടിയിലെ തിരിച്ചറിയൽ കാർഡും ജോളി വ്യാജമായി നിർമ്മിച്ചതായി നേരത്തെ പുറത്ത് വന്നിരുന്നു.

കേസിൽ ജോളിയടക്കമുള്ള മൂന്നുപ്രതികളെയും പൊലീസ് പ്രത്യേകം ചോദ്യം ചെയ്യുകയാണ്. വടകര റൂറല്‍ എസ്‍പി ഓഫീസില്‍ വച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്. പ്രതികളായ ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയൽ മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പി പ്രജുകുമാർ എന്നിവരെ ഒറ്റയ്ക്കൊറ്റയ്ക്ക് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ നേരത്തെ തന്നെ പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് ചോദ്യം ചെയ്യലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഈ മാസം 16 വരെയാണ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 

Read Also: കൂക്കുവിളിയുമായി ജനം: ജോളിയടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയതിന് നാല് കാരണങ്ങൾ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കസ്റ്റഡി അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിശദീകരണങ്ങളുള്ളത്. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം റോയ് തോമസിന്‍റെ അമിത മദ്യപാനം, അമിത അന്ധവിശ്വാസം, വിവാഹേതര ബന്ധങ്ങൾ എതിര്‍ത്തതിലെ പകയും കൊലപാതകത്തിന് കാരണമായി എന്നാണ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. കൊല രണ്ടും മൂന്നും പ്രതികളുടെ അറിവോടെയും സഹായത്തോടെയുമാണ് ജോളി മൊഴി നല്‍കിയതായി കസ്റ്റഡി അപേക്ഷയില്‍ പൊലീസ് വിശദമാക്കുന്നു. 

Read Also: ആദ്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് ജോളിക്ക് നാല് കാരണങ്ങള്‍; കസ്റ്റഡി അപേക്ഷയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

അതേസമയം, ജോളിയുടെ വക്കാലത്ത് അഭിഭാഷകനായ ബി എ ആളൂർ ഏറ്റെടുത്തു. ജോളിയെ രാവിലെ കോടതിയിൽ ഹാജരാക്കിയപ്പോൾ ആളൂരിന്‍റെ ജൂനിയർ അഭിഭാഷകരെത്തിയാണ് വക്കാലത്ത് ഏറ്റെടുത്തത്. സാഹചര്യ തെളിവുകൾ മാത്രം കൂട്ടിയിണക്കി ജോളിക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു. കൂടത്തായിയിലെ മരണങ്ങൾ ആത്മഹത്യയോ ഹൃദയസ്തംഭനം പോലെയുള്ള കാരണങ്ങൾ കൊണ്ടോ ആകാം. സയനൈഡ് സ്വയം കഴിച്ചതാണോ പ്രതി കൊടുത്തതാണോ എന്നത് തെളിയേണ്ട കാര്യമാണെന്നും ആളൂർ മാധ്യമങ്ങളോട്  പറഞ്ഞു.

Read Also: സാഹചര്യ തെളിവുകൾ കൂട്ടിയിണക്കി ജോളിക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയില്ല, കെസെടുത്തത് പ്രതിയുടെ ആവശ്യ പ്രകാരം: ആളൂര്‍