കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ വീണ്ടും രഹസ്യമൊഴിയെടുപ്പ്. മുഖ്യപ്രതി ജോളിയുടെ രണ്ട് സഹോദന്മാരുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ജോളി കുറ്റം തുറന്ന് പറഞ്ഞ സഹോദരങ്ങളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മറ്റൊരു സഹോദരന്‍റേയും സഹോദരി ഭര്‍ത്താവിന്‍റേയും രഹസ്യമൊഴികള്‍ നാളെ രേഖപ്പെടുത്തും.

താനാണ് കൊലപാതകങ്ങളെല്ലാം നടത്തിയതെന്ന് കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളി സഹോദരന്മാരോട് കുറ്റസമ്മതം നടത്തിയിരുന്നു. കൂടത്തായി, കോട‍ഞ്ചേരി പള്ളി സെമിത്തേരികളിലെ കല്ലറകള്‍ തുറന്ന് പരിശോധിക്കുന്നതിന് രണ്ട് ദിവസം മുമ്പാണിത്. ഇത് സംബന്ധിച്ച് സഹോദരങ്ങള്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ജോളിയുടെ ബന്ധുക്കളുടെ രഹസ്യമൊഴിക്കായി അപേക്ഷ നല്‍കിയത്.

ജോളിയുടെ സഹോദരന്മാരായ ജോസ്, ബാബു എന്നിവരുടെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തി. റോയ് തോമസ് കൊലപാതകവുമായി ബന്ധപ്പെട്ടാണിത്. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാലാണ് ക്രിമിനല്‍ നടപടിച്ചട്ടം 164 വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്തിയത്.

ജോളിയുടെ മറ്റൊരു സഹോദരനായ നോബിള്‍, സഹോദരി സിസിലിയുടെ ഭര്‍ത്താവ് ജോണി എന്നിവരുടെ രഹസ്യമൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തും.

ഭര്‍ത്താവ് റോയിയടക്കം ആറ് പേരേയും കൊലപ്പെടുത്തിയത് താനാണെന്നും പറ്റിപ്പൊയെന്നും ജോളി ഇടുക്കി കട്ടപ്പനയിലെ വീട്ടിലെത്തിയാണ് തുറന്ന് സമ്മതിച്ചത്. രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായും സഹോദരങ്ങള്‍ മൊഴി നല്‍കിയിരുന്നു. രഹസ്യമൊഴിയിലും സഹോദരങ്ങള്‍ ഇത് ആവര്‍ത്തിക്കുന്നതിലൂടെ ജോളിക്കെതിരെയുള്ള നിര്‍ണ്ണായക തെളിവായി ഇത് മാറും.